കരിന്പുഴ മുതൽ മുട്ടിക്കടവ് വരെ തെരുവുവിളക്കുകൾ സ്ഥാപിക്കാൻ ഡിഎഫ്ഒയുടെ അനുമതി തേടും
1245879
Monday, December 5, 2022 12:39 AM IST
നിലന്പൂർ: നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിലുൾപ്പെടുത്തിയ തെരുവുവിളക്കുകൾ സ്ഥാപിക്കുന്ന പദ്ധതി നടപ്പാക്കാൻ താലൂക്ക്സഭ നിശ്ചയിക്കുന്ന സംഘം നിലന്പൂർ നോർത്ത് ഡിഎഫ്ഒയെ നേരിട്ടുകാണും. കഴിഞ്ഞ ദിവസം ചേർന്ന നിലന്പൂർ താലൂക്ക് സഭയിലാണ് തീരുമാനം. പദ്ധതി നടപ്പാക്കാൻ മുന്പുണ്ടായിരുന്ന ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ) അനുമതി നൽകിയിരുന്നെങ്കിലും നിലവിലുള്ള ഡിഎഫ്ഒ അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തുന്നത്.
കരിന്പുഴ മുതൽ മുട്ടുക്കടവ് വരെയുള്ള കെഎൻജി റോഡ് കടന്നുപോകുന്നതു വനത്തിനുള്ളിലൂടെയാണ്. ഈ റോഡിന്റെ വശങ്ങളിലായി തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതാണ് നിലന്പൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി. പദ്ധതിക്കാവശ്യമായ തുക ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചതാണ്. എന്നാൽ നടപ്പാക്കാൻ ശ്രമിച്ചപ്പോഴാണ് ഡിഎഫ്ഒ തടസവാദം ഉന്നയിച്ചത്. തുടർന്ന് പദ്ധതി നടപ്പാക്കാൻ കഴിയാതെ വന്നിരിക്കുകയാണ്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, തഹസിൽദാർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം അടുത്ത താലൂക്ക്സഭയ്ക്ക് മുന്പായി ഡിഎഫ്ഒയെ നേരിൽ കണ്ടു സംസാരിക്കാനാണ് തീരുമാനം. നിലന്പൂർ റെയിേൽവ സ്റ്റേഷനു മുന്നിൽ വണ്ടി വരുന്ന സമയങ്ങളിലുണ്ടാകുന്ന അമിത ഗതാഗത കുരുക്ക് നിയന്ത്രിക്കാൻ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി താത്പര്യമെടുക്കണമെന്നു യോഗത്തിൽ അഭിപ്രായമുണ്ടായി.
താലൂക്ക് സമിതിയിൽ വരുന്ന വിവിധ പ്രശ്നങ്ങൾ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ അസാന്നിധ്യം കാരണം പരിഹരിക്കുന്നതിൽ വീഴ്ചയുണ്ടാകുന്നതായി യോഗത്തിൽ ചില അംഗങ്ങൾ ചൂണ്ടിക്കാട്ടി. എക്സൈസിന്റെ ഓഫീസുകൾ സിവിൽ സ്റ്റേഷനിൽ പ്രവർത്തനം തുടങ്ങുന്പോൾ നിലവിൽ അവർ പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ സൗകര്യമൊരുക്കണമെന്ന ആവശ്യം എക്സൈസ് ഉദ്യോഗസ്ഥർ ഉന്നയിച്ചു. നിലവിൽ വാടകക്ക് പ്രവർത്തിക്കുന്ന ഓഫീസുകൾ വാടകകെട്ടിടം ഒഴിയുന്പോൾ അതിന് സമീപം പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങൾ അവിടെ നിന്നു മാറ്റേണ്ടിവരും.
ഇതിനു മറ്റു സംവിധാനങ്ങളൊന്നുമില്ല. 64 വാഹനങ്ങളാണ് എക്സൈസ് വകുപ്പ് മാത്രം വിവിധ കേസുകളിലായി പിടിച്ചിട്ടിരിക്കുന്നത്. മോട്ടോർ വാഹന വകുപ്പിന് ഡ്രൈവിംഗ് ടെസ്റ്റുകളടക്കം നടത്താനുള്ള സ്ഥലവും പുതിയ ഓഫീസിലേക്ക് മാറുന്പോൾ ഉണ്ടാകില്ല. ഓഫീസ് വാടകക്ക് പ്രവർത്തിക്കുന്നതിനോടു ചേർന്നാണ് ഈ സൗകര്യമുള്ളത്. ഭൂമിതരം മാറ്റുന്നതിനുള്ള അപേക്ഷകൃഷി വകുപ്പ് വച്ച് താമസിപ്പിക്കുന്നതായി യോഗത്തിൽ ആക്ഷേപമുയർന്നു. ഹണി ട്രാപ്പിൽപ്പെടുന്നവരുടെ സുരക്ഷക്കായി പ്രത്യേക സെൽ പോലീസിനു കീഴിൽ പ്രവർത്തിപ്പിക്കണമെന്ന ആവശ്യവുമുയർന്നു.
താലൂക്ക് സമിതി യോഗങ്ങളിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ കുറവ് സംബന്ധിച്ച് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് ചെയ്യണമെന്ന ആവശ്യവും ഉയർന്നു. യോഗത്തിൽ നിലന്പൂർ നഗരസഭാംഗം ഇസ്മായിൽ എരഞ്ഞിക്കൽ അധ്യക്ഷത വഹിച്ചു. അഡീഷണൽ തഹസിൽദാർ ജയശ്രീ, ഡെപ്യൂട്ടി തഹസിൽദാർ അരവിന്ദാക്ഷൻ, പാനായി ജേക്കബ്, എ.പി അനിൽകുമാർ എംഎൽഎയുടെ പ്രതിനിധി സലാം, കെ. രാജ്മോഹൻ, പീറ്റർ തുടങ്ങിയവർ പങ്കെടുത്തു.