പാലാങ്കരയിലെ കാട്ടാനശല്യത്തിനു അടിയന്തര പരിഹാരം കാണുമെന്ന് സൗത്ത് ഡിഎഫ്ഒ
1264389
Friday, February 3, 2023 12:11 AM IST
എടക്കര: മൂത്തേടം പാലാങ്കരയിലെ കാട്ടാനശല്യം പരിഹരിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് നിലന്പൂർ സൗത്ത് ഡിഎഫ്ഒ. ഇന്നലെ സ്ഥലം സന്ദർശിച്ച് കർഷകരും ജനപ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ഡിഎഫ്ഒ പി.പ്രവീണ്‍ ഇക്കാര്യം അറിയിച്ചത്. കൃഷിയിടത്തിലിറങ്ങുന്ന കാട്ടാനകളെ തടയാൻ കല്ലേൻതോട് വനം ഒപി മുതൽ ചെറുപുഴ പാലം വരെയുള്ള കരിന്പുഴയുടെ ഭാഗങ്ങളിൽ ഫെൻസിംഗ് നടത്തും.
കല്ലേംതോട് മുതൽ താന്നിപ്പൊട്ടി വരെയുള്ള ഭാഗങ്ങളിൽ അടിയന്തിരമായി തൂക്ക് ഫെൻസിംഗ് നിർമിക്കും. രാത്രിയിറങ്ങുന്ന കാട്ടാനകളെ തടയാൻ നൈറ്റ് വാച്ചർമാരെ നിയമിക്കും. പ്രദേശത്തെ നാല് യുവാക്കളെ താത്കാലിക വാച്ചർമാരായി നിയമിച്ച് അവരെ ഉൾപ്പെടുത്തി എലിഫെന്റ് സ്ക്വാഡ് രൂപീകരിക്കുമെന്നും ഡിഎഫ്ഒ അറിയിച്ചു. ഗ്രാമപഞ്ചായത്തംഗം ഡെസി തായങ്കേരി, പൊതുപ്രവർത്തകരായ കെ.എ.പീറ്റർ, മുജീബ് കോയ, എ.കെ.ഇബ്രാഹിം, സി.കെ.ബിൻസാദ്, കർഷകരായ ആറ്റാഞ്ചേരി രാജൻ ജോർജ്, ലഞ്ജു, എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കഴിഞ്ഞ ദിവസം പാലാങ്കര പ്രദേശങ്ങളിൽ കൃഷിയിടങ്ങളിലിറങ്ങിയ പതിനൊന്നംഗ കാട്ടാനക്കൂട്ടം വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചിരുന്നു. കർഷകരുടെയും പൊതുജനങ്ങളുടെയും പ്രതിഷേധത്തെത്തുടർന്നാണ് ഡിഎഫ്ഒ സ്ഥലത്ത് നേരിട്ടെത്തിയത്.