ജലദിനം: 22 കുളങ്ങൾ നാടിനു സമർപ്പിച്ചു
1280054
Thursday, March 23, 2023 12:16 AM IST
നിലന്പൂർ: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ പരിപാടിയുടെ ഭാഗമായി ലോക ജലദിനത്തിനോടനുബന്ധിച്ചു 1000 കുളങ്ങളുടെ പൂർത്തീകരണത്തിൽ ഉൾപ്പെടുത്തി നിലന്പൂർ ബ്ലോക്ക് പരിധിയിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിർമിച്ച 22 കുളങ്ങൾ നാടിനു സമർപ്പിച്ചു.
ബ്ലോക്കുതല ഉദ്ഘാടനം മൂത്തേടം ചോളമുണ്ടയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം നിർവഹിച്ചു. വനത്തിനുളിൽ ജല ലഭ്യത കുറഞ്ഞു വന്യമൃഗ ശല്യം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈ വേളയിൽ വനത്തിനുള്ളിൽ കുളം നിർമിച്ചു വന്യമൃഗങ്ങളുടെ ശല്യത്തിൽ നിന്നു നാടിനെ രക്ഷിക്കുന്നതിനു മുൻഗണന നൽകണമെന്നു അദ്ദേഹം പറഞ്ഞു. മൂത്തേടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി മുഖ്യാതിഥിയായിരുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ പി.ജി വിജയകുമാർ സന്ദേശം നൽകി.