കരുവാരകുണ്ട്: ആരാധിക്കുന്നവനെ അംഗീകരിക്കുകയും ശരീരം കൊണ്ടു അനുസരിക്കുകയും ഹൃദയംകൊണ്ട് അറിയുകയും ആത്മാവുകൊണ്ട് സദാദർശിക്കുകയും ചെയ്യണമെന്ന് ചിശ്തി ഖാദിരി ത്വരീഖത്തിന്റെ ആത്മീയ ഗുരുവും സിൽസില നൂരിയ ആരിഫിയ ജാനഷീനുമായ സയ്യിദ് അഹമ്മദ് മുഹിയുദീൻ ജീലാനി നൂറിഷാഹ് സാനി വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.
കരുവാരക്കുണ്ട് ദർഗാ ശരീഫിൽ അന്ത്യവിശ്രമം കൊള്ളുന്ന ഹസ്റത്ത് സുഹൂരിഷാ നൂരി, ഹൈദർ മുസ്ലിയാർ,കല്ലായി കുഞ്ഞിപ്പു ഹാജി എന്നിവരുടെ ഉറൂസ് മുബാറക്കും ആത്മീയ തർബിയത് ക്യാന്പും ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരാധ്യനുമായുള്ള സ്നേഹോഷ്മളമായ ആത്മബന്ധം കരസ്ഥമാക്കാൻ ഉപയുക്തമായ പാഠശാലകളും മഹദ് വ്യക്തികളും ഓരോ കാലഘട്ടത്തിലും അനിവാര്യമാണെന്നും സമൂഹത്തിൽ ഉദാത്തമായ മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഗുണകരമായ പരിവർത്തനങ്ങൾ വരുത്തിയത് ഈ ചിന്താധാരയുടെ വക്താക്കളായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങിൽ സിൽസില നൂരിയ സംസ്ഥാന പ്രസിഡന്റ് മൗലാന യൂസഫ് നിസാമി ഷാഹ് സുഹൂരി അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് നിസാമുദ്ദീൻ ജീലാനി ഹൈദരാബാദ്, സിൽസില നൂരിയ സംസ്ഥാന ജനറൽ സെക്രട്ടറി നവാസി ഷാഹ് എ.കെ അലവി മുസ്ലിയാർ, ബിലാലി ഷാഹ് ചെന്നൈ, സി.എം അബ്ദുൾ ഖാദർ മുസ്ലിയാർ, ഗഫൂർ മുസ്ലിയാർ പൊന്നാനി, മുനീറുദ്ദീൻ നിസാമി, ബിൻ അലി മാസ്റ്റർ, അബ്ദുറഹിമാൻ മുസ്ലിയാർ പ്രസംഗിച്ചു .