പോക്സോ നിയമത്തെക്കുറിച്ച് അധ്യാപകർക്ക് ക്ലാസ് സംഘടിപ്പിച്ചു
1299123
Thursday, June 1, 2023 12:42 AM IST
മഞ്ചേരി: പ്രവേശനോത്സവത്തിന് മുന്നോടിയായി സബ് ജില്ലയിലെ മുഴുവൻ അധ്യാപകർക്കും പോക്സോ നിയമം സംബന്ധിച്ച് ക്ലാസുകൾ സംഘടിപ്പിച്ചു. അഭിഭാഷകർ, ശിശുക്ഷേമ സമിതിയംഗങ്ങൾ, സ്പെഷൽ എഡ്യൂക്കേറ്റർമാർ എന്നിവർ ക്ലാസിന് നേതൃത്വം നൽകി. മഞ്ചേരി എച്ച്എംവൈഎച്ച് സ്കൂളിലും മലബാർ ടവറിലുമായി നടന്ന ക്ലാസിൽ ഉപജില്ലയിലെ പ്രീപ്രൈമറി മുതൽ പത്താംക്ലാസ് വരെയുള്ള എല്ലാ അധ്യാപകരും പങ്കെടുത്തു.
ഇതാദ്യമായാണ് പോക്സോ നിയമത്തിൽ അധ്യാപകർക്ക് പ്രത്യേക ക്ലാസുകൾ സംഘടിപ്പിച്ചതെന്നു ബിപിഒ എം.പി സുധീർബാബു വാർത്താസമ്മേളനത്തിൽ പറഞ്ഞു. മൂന്നു ഷിഫ്റ്റുകളിലായി നടന്ന ക്ലാസിൽ എഴുനൂറോളം അധ്യാപകർ പങ്കെടുത്തു. എസ്ഇആർടി തയാറാക്കിയ നവീകരിച്ച മൊഡ്യൂൾ പ്രകാരമാണ് പരിശീലനം പൂർത്തിയായത്. പ്രീ പ്രൈമറി അധ്യാപികമാർക്ക് റസിഡൻഷ്യൽ പരിശീലനമാണ് നടന്നത്.
സ്കൂളുകൾക്ക് ഫിറ്റ്നസ് പരിശോധന പൂർത്തിയായി. ബ്ലോക്കുതല പ്രവേശനോത്സവം മഞ്ചേരി ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലാണ് നടക്കുന്നത്. രാവിലെ 9.30 ന് മുഖ്യമന്ത്രിയുടെ പ്രവേശനോത്സവം ഉദ്ഘാടന ചടങ്ങ് വിദ്യാലയങ്ങളിൽ പ്രദർശിപ്പിക്കും. മഞ്ചേരി നിയോജക മണ്ഡലം എംഎൽഎ അഡ്വ. യു.എ ലത്തീഫ് മുഖ്യാതിഥിയായിരിക്കും. മുനിസിപ്പൽ ചെയർപേഴ്സണ് വി.എം. സുബൈദ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ടി.എം. അബ്ദുൾനാസർ, വാർഡ് കൗണ്സിലർ അഡ്വ. പ്രേമരാജീവ് തുടങ്ങിയവർ സംബന്ധിക്കും.
വിദ്യാർഥികളുടെ കലാപരിപാടികൾ ഉണ്ടായിരിക്കും. വാർത്താസമ്മേളനത്തിൽ ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ എം.പി സുധീർബാബു, എഇഒ എസ്.സുനിത, ജിജിഎച്ച്എസ് പ്രിൻസിപ്പൽ എം. അലി, ഹെഡ്മാസ്റ്റർ കെ. മധുസൂദനൻ, പിടിഎ പ്രസിഡന്റ് എൻ.ടി ഫാറൂഖ്, പിടിഎ വൈസ് പ്രസിഡന്റ് സലാം മഞ്ചേരി, ബിആർസി ട്രെയ്നർമാരായ പി. താജുദ്ദീൻ, കെ. ബിന്ദു എന്നിവർ പങ്കെടുത്തു.