പെരിന്തൽമണ്ണയിൽ പരാതികൾക്കു പരിഹാരം കാണാൻ പുതിയ സംവിധാനം
1299578
Friday, June 2, 2023 11:52 PM IST
പെരിന്തൽമണ്ണ: പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പരാതികളും കേൾക്കുന്നതിനും പരിഹാരം കാണുന്നതിനുമായി പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ നവീന പദ്ധതിക്ക് തുടക്കമിട്ട് നജീബ് കാന്തപുരം എംഎൽഎ. സമൂഹമാധ്യമങ്ങളുടെയും വിവരസാങ്കേതികവിദ്യയുടെയും സാധ്യതകൾ ഉപയോഗപ്പെടുത്തി ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള പദ്ധതിയാണ് ആരംഭിച്ചത്. മണ്ഡലത്തിൽ നടപ്പാക്കുന്ന വികസന പദ്ധതികളുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും നിർദേശങ്ങളും തേടുന്നതോടൊപ്പം പൊതുജനങ്ങളുടെ പരാതികൾ കേൾക്കുകയും പരിഹാരം കാണുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് നജീബ് കാന്തപുരം എംഎൽഎ പറഞ്ഞു. പദ്ധതിയുടെ പ്രവർത്തനങ്ങൾക്കായി വാട്സ്ആപ് നന്പർ തയാറാക്കിയിട്ടുണ്ട്. ഈ നന്പർ പൊതുജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കും.
ഇതിലേക്കു വിഷയങ്ങൾ മെസേജ് ചെയ്യാം. പരാതിയുടെ പകർപ്പ് വകുപ്പ് മേധാവികൾക്കും എംഎൽഎ ഓഫീസിലും ലഭിക്കും. പരാതിയുടെ നടപടികളെക്കുറിച്ച് പരാതിക്കാരന് മെസേജായി അറിയാനാകും. പൊതുപ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതി നൽകാൻ ഇനി മുതൽ ജനങ്ങൾക്ക് ഓഫീസുകളിൽ പോകേണ്ടതില്ല. പരാതികൾക്ക് പരിഹാരം കാണുന്നതിനുള്ള ഇടപെടലുകൾ എംഎൽഎ ഓഫീസ് നടത്തും. പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി വിവിധ വകുപ്പ് മേധാവികളുടെ യോഗം ചേർന്നിരുന്നു. ‘വിരൽത്തുന്പിൽ എംഎൽഎ’ എന്നാണ് പദ്ധതിയുടെ പേര്. 9847305060 നന്പറിലേക്കാണ് മെസേജ് അയക്കേണ്ടത്. ഇതിന്റെ ലോഞ്ചിംഗ് ശിഫ കണ്വൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ നജീബ് കാന്തപുരം എംഎൽഎ നിർവഹിച്ചു. പരാതിയും അതുസംബന്ധമായി സ്വീകരിച്ച നടപടികളും പരിഹാരവും സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാക്കും.