കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് വിമാന സർവീസ് തുടങ്ങി
1300205
Monday, June 5, 2023 12:08 AM IST
കൊണ്ടോട്ടി: കരിപ്പൂർ ഹജ്ജ് എംബാർക്കേഷൻ പോയിന്റിൽ നിന്നുള്ള ഈ വർഷത്തെ ആദ്യ ഹജ്ജ് വിമാനം ഇന്നലെ പുലർച്ചെ 4.15 ന് സംസ്ഥാന മന്ത്രി വി.അബ്ദുറഹിമാൻ ഫ്ളാഗ് ഓഫ് ചെയ്തു. പുലർച്ചെ 4.15 നാണ് 145 തീർഥാടകരുമായി ആദ്യവിമാനം പുറപ്പെട്ടത്.
എംപിമാരായ എം.പി. അബ്ദുസമദ് സമദാനി, എം.കെ. രാഘവൻ, ടി.വി ഇബ്രാഹിം എംഎൽഎ, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, അംഗങ്ങളായ കെ. ഉമർ ഫൈസി മുക്കം, അഡ്വ.പി മൊയ്തീൻകുട്ടി, മുഹമ്മദ് ഖാസിം കോയ, ഡോ.ഐ.പി അബ്ദുൾ സലാം, സഫർ കയാൽ, പി.ടി അക്ബർ, ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ ഡെപ്യൂട്ടി സിഇഒ ഷാരീഖ് ആലം, എയർപോർട്ട് ഡയറക്ടർ എസ്. സുരേഷ്, സംസ്ഥാന ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫീസർ പി.എം. ഹമീദ്, അസിസ്റ്റന്റ് സെക്രട്ടറി എൻ. മുഹമ്മദലി, ഹജ്ജ് ഒഫീഷ്യൽ അസൈൻ പി.കെ.പന്തീർപാടം, ഹജ്ജ് സെൽ ഓഫീസർ കെ.കെ. മൊയ്തീൻകുട്ടി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദ്, എയർ ഇന്ത്യ എക്സ്പ്രസ് സ്റ്റേഷൻ മാനേജർ സുജിത് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
കരിപ്പൂരിൽ നിന്നു ആദ്യദിവസമായ ഇന്നലെ രണ്ടു വിമാനങ്ങളായിരുന്നു പറന്നകന്നത്. പുലർച്ചെ 4.25 ന് ഐഎക്സ് 3031 നന്പർ വിമാനവും രാവിലെ 8.30 ന് ഐഎക്സ് 3021 നന്പർ വിമാനവും.
ഓരോ വിമാനത്തിലും 145 പേരാണ് യാത്രയാവുക. ആദ്യവിമാനത്തിൽ 69 പുരുഷൻമാരും 76 സ്ത്രീകളും രണ്ടാമത്തെ വിമാനത്തിൽ 77 പുരുഷൻമാരും 68 സ്ത്രീകളുമായി പുറപ്പെട്ടു.