പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭ വിധവകൾക്ക് ഊന്നൽ നൽകി ആവിഷ്കരിച്ച "സവിധം’ പദ്ധതിയുടെ ആദ്യ യൂണിറ്റ് സംരംഭം ആരംഭിച്ചു.
പെരിന്തൽമണ്ണയിലെ പിടിഎം കോളജ് കാന്റീൻ നടത്തുന്നതിന് തയാറായ സക്കീന, സാജിത, ഖദീജ എന്നിവരുടെ സംരംഭമാണ് ആരംഭിച്ചത്. സവിധം പദ്ധതിയുടെ ഉദ്ഘാടനം നേരത്തെ സബ്കളക്ടർ ശ്രീധന്യ നിർവഹിച്ചിരുന്നു.
സമൂഹത്തിൽ സ്വന്തമായൊരിടം കണ്ടെത്തുന്നതിന് നിരവധി സ്ത്രീകളാണ് തൊഴിൽ ചെയ്യുന്നതിനും സംരംഭം ആരംഭിക്കുന്നതിനുമെല്ലാം സന്നദ്ധമായി വരുന്നതെന്നും കൂടുതൽ ആളുകൾ പദ്ധതിയുടെ ഭാഗമാകുമെന്നാണ് നഗരസഭ പ്രതീക്ഷിക്കുന്നതെന്നും കാന്റീൻ നടത്തിപ്പ് ചുമതല കൈമാറ്റം ഉദ്ഘാടനം ചെയ്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുണ്ടുമ്മൽ മുഹമ്മദ് ഹനീഫ പറഞ്ഞു. കോളജ് പ്രിൻസിപ്പൽ അഫ്സൽ ജമാൽ അധ്യക്ഷത വഹിച്ചു. സാജിത, കാന്റീൻ കമ്മിറ്റി കണ്വീനവർ അബ്ദുൾസലിം, അധ്യാപകരായ ഹരിദാസ്, മണികണ്ഠൻ, പി. ആശ, ആയിഷാബി, മുഹമ്മദ് സലീം എന്നിവർ പങ്കെടുത്തു.