കോഴിപ്പാറ ജലവൈദ്യുതി പദ്ധതി: വിദഗ്ധ സമിതി യോഗം ചേർന്നു
1335326
Wednesday, September 13, 2023 3:28 AM IST
നിലന്പൂർ: കോഴിപ്പാറ ചെറുകിട ജലവൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ടു സാമൂഹികാഘാത പഠന വിദഗ്ധ സമിതി യോഗം ചേർന്നു.
ചാലിയാർ പഞ്ചായത്തിലെ നിർദിഷ്ട കോഴിപ്പാറ ചെറുകിട ജലവൈദ്യുതി പദ്ധതിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ നടത്തിയ സാമൂഹികാഘാത പഠന റിപ്പോർട്ട് വിലയിരുത്താനായാണ് യോഗം ചേർന്നത്. ജില്ലാ കളക്ടർ നിയോഗിച്ച വിദഗ്ധ സമിതി സ്ഥല പരിശോധന നടത്തിയതിനു ശേഷമാണ് വാളാന്തോട് ഗവണ്മെന്റ് ട്രൈബൽ സ്കൂളിൽ അവലോകന യോഗം നടത്തിയത്.
വെള്ളരിമലയിൽ നിന്നുത്ഭവിച്ച് തോട്ടപ്പള്ളി വഴി ചാലിയാർ പുഴയിൽ സംഗമിക്കുന്ന കുറുവൻ പുഴയിൽ തോട്ടപ്പള്ളിക്കും വെണ്ണേക്കോടിനുമിടയിൽ തടയണ നിർമിച്ച് പ്രതിവർഷം 15.29 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നതാണ് പദ്ധതി.
ഇതിനായി 19 കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള 3.54 ഹെക്ടർ സ്വകാര്യഭൂമിയും 0.935 ഹെക്ടർ വനഭൂമിയും അത്ര തന്നെ സർക്കാർ പുറന്പോക്ക് ഭൂമിയുമാണ് ഏറ്റെടുക്കേണ്ടത്. ഭൂവുടമകൾക്ക് 2013-ലെ ഭൂമിയേറ്റെടുക്കൽ നിയമപ്രകാരമുള്ള പരമാവധി നഷ്ടപരിഹാരവും മറ്റു ആനുകൂല്യങ്ങളും സമയബന്ധിതമായി നൽകി പദ്ധതി നടപ്പാക്കാൻ ശിപാർശ ചെയ്യുമെന്ന് വിദഗ്ധ സമിതി ചെയർമാൻ ഡോ. എം. ഉസ്മാൻ പറഞ്ഞു.
സാമൂഹ്യാഘാതവും പാരിസ്ഥിതിക ആഘാതവും പരമാവധി കുറച്ചു കൊണ്ടായിരിക്കും പദ്ധതി നടപ്പാക്കുക. മലപ്പുറം ജില്ലയിൽ നിലവിലുള്ള ആഢ്യൻപാറ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ നാലിരട്ടി വൈദ്യുതി ഉത്പാദനമാണ് കോഴിപ്പാറ ചെറുകിട ജലസേചന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഏറ്റെടുക്കേണ്ട ഭൂമിയിൽ സർവേ നടപടികൾ ഉടൻ ആരംഭിക്കും. വിദഗ്ധ സമിതിയുടെ നടപടി ക്രമങ്ങൾക്ക് ചെയർമാൻ ഡോ. എം. ഉസ്മാൻ നേതൃത്വം നൽകി.
സമിതി അംഗങ്ങളായ ഡോ. ആർ. സാജൻ, സ്പെഷൽ തഹസിൽദാർ എം. സുജയ, കെഎസ്ഇബി അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ വി.ടി. അബ്ദുൾ കരീം, ചാലിയാർ പഞ്ചായത്തംഗം ഗ്രീഷ്മ പ്രവീണ്, റവന്യൂ ഉദ്യോഗസ്ഥരായ എം. സുനിൽകുമാർ, വി. സമീർ ബാബു, ശിഹാബ്, കെഎസ്ഇബി ഉദ്യോഗസ്ഥരായ പി. രാഘവൻ, പി.പി. ഷൈനി എന്നിവർ വിദഗ്ധ സമിതിയുടെ സ്ഥല പരിശോധനയിൽ പങ്കെടുത്തു.