കൊണ്ടോട്ടി നഗരസഭാ കോംപ്ലക്സിന് തറക്കല്ലിട്ടു
1337943
Sunday, September 24, 2023 12:48 AM IST
കൊണ്ടോട്ടി: എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ഒരു കോടി രൂപ ചെലവിൽ നിർമിക്കുന്ന കൊണ്ടോട്ടി നഗരസഭാ കോംപ്ലക്സിന്റെ ശിലാസ്ഥാനം ടി.വി. ഇബ്രാഹിം എംഎൽഎ നിർവഹിച്ചു. പഴയ ഗ്രാമപഞ്ചായത്ത് ഓഫീസ് പൊളിച്ചു മാറ്റിയാണ് പുതിയ ഓഫീസ് സമുച്ചയം നിർമിക്കുന്നത്.
നിലവിൽ ഇവിടെ പ്രവർത്തിച്ചിരുന്ന ഹോമിയോ ആശുപത്രി, ലൈബ്രറി, സാക്ഷരതാ ഓഫീസ്, ലെപ്രസി നിർമാർജന യജ്ഞം, എംഎൽഎ കാര്യാലയം എന്നിവ മറ്റ് സ്ഥലങ്ങളിലേക്കു മാറ്റിയാണ് പഴയ കെട്ടിടം പൊളിച്ചുനീക്കിയത്. ഒരു വർഷത്തിനകം കോംപ്ലക്സിന്റെ നിർമാണം പൂർത്തിയാക്കി പ്രവർത്തനക്ഷമമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചടങ്ങിൽ നഗരസഭാ ചെയർപേഴ്സണ്‍ സി.ടി. ഫാത്തിമത്ത് സുഹ്റാബി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു, ജില്ലാ പഞ്ചായത്ത് മെംബർ പി.കെ.സി. അബ്ദുറഹിമാൻ, നഗരസഭാ വൈസ് ചെയർമാൻ സനൂപ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അഷ്റഫ് മടാൻ, എം. മൊയ്തീൻ അലി, മിനിമോൾ, റംല കൊടവണ്ടി, കൗണ്‍സിലർമാരായ ഷബീബ ഫിർദൗസ്, താഹിറ ഹമീദ്, വിപിൻലാൽ, കെ. ബിന്ദു. സൗദാബി, പബ്ലിക് ലൈബ്രറി പ്രവർത്തകരായ ജാഫർ പാണാളി, ശിവദാസൻ, ഇ.കെ. അബ്ദുൾ മജീദ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.