ആയുഷ്മാൻ ഭവ കാന്പയിൻ: മെഡിക്കൽ ക്യാന്പ് നടത്തി
1337944
Sunday, September 24, 2023 12:49 AM IST
ചുങ്കത്തറ: കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന ആയുഷ്മാൻ ഭവ കാന്പയിനിന്റെ ഭാഗമായി മെഡിക്കൽ കോളജിലെയും ആരോഗ്യവകുപ്പിലെയും വിദഗ്ധ ഡോക്ടർമാരുടെയും നേതൃത്വത്തിൽ ചുങ്കത്തറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ സ്പെഷാലിറ്റി മെഡിക്കൽ ക്യാന്പ് നടത്തി. സ്ത്രീരോഗം, ഗൈനക്കോളജി, ശിശുരോഗം, സർജറി, ഇഎൻടി, നേത്രരോഗം, മനോരോഗം, ത്വക്ക് രോഗം, ജനറൽ ഒ.പി തുടങ്ങിയ സ്പെഷാലിറ്റി ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ക്യാന്പ് നടത്തിയത്.
ആരോഗ്യമേളയുടെ ഉദ്ഘാടനം നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി നിർവഹിച്ചു. ചുങ്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീന അധ്യക്ഷത വഹിച്ചു. ഡിഎംഒ ഡോ. ആർ. രേണുക മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി.എൻ. അനൂപ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സണ് സൂസമ്മ മത്തായി, മെംബർമാരായ സി.കെ സുരേഷ്, അനിജ സെബാസ്റ്റിയൻ, മറിയാമ ജോർജ് എന്നിവർ പങ്കെടുത്തു. ആയുഷ്മാൻ ഭവ കാന്പയിനിന്റെ ഭാഗമായി എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും നഗരാരോഗ്യ കേന്ദ്രങ്ങളിലും ഹെൽത്ത് മേളയും നടന്നു.
ഓരോ ആഴ്ചയും പ്രത്യേക വിഷയങ്ങളെ ആസ്പദമാക്കിയാണ് ഹെൽത്ത് മേള നടക്കുന്നത്. ഹെൽത്ത് മേളയുടെ ഭാഗമായി എല്ലാ ജനകീയാരോഗ്യകേന്ദ്രങ്ങളിലും കുടുംബാരോഗ്യകേന്ദ്രങ്ങളിലും നഗരാരോഗ്യകേന്ദ്രങ്ങളിലും സ്ക്രീനിംഗ് ക്യാന്പുകളും നടക്കുന്നുണ്ട്. തുടർന്നുവരുന്ന എല്ലാ ശനിയാഴ്ചകളിലും തെരഞ്ഞെടുക്കപ്പെട്ട സിഎച്ച്സികളിൽ മെഡിക്കൽ കോളജിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ക്യാന്പുകൾ നടക്കും.