മാര്‍ത്തോമ ഫുട്ബോള്‍ അക്കാഡമി പ്രവര്‍ത്തനമാരംഭിച്ചു
1418487
Wednesday, April 24, 2024 5:41 AM IST
ചുങ്കത്തറ: ചുങ്കത്തറയില്‍ മാര്‍ത്തോമ ഫുട്ബോള്‍ അക്കാഡമി പ്രവര്‍ത്തനമാരംഭിച്ചു. മലയോര മേഖലയിലെ ഫുട്ബോള്‍ പ്രതിഭകളെ മികവുള്ളവരാക്കി വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അക്കാഡമി പ്രവര്‍ത്തിക്കുക.
ചുങ്കത്തറ മാര്‍ത്തോമ കോളജും മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്കൂളും സംയുക്തമായി എടക്കര സോക്കര്‍ അക്കാഡമിയുമായി സഹകരിച്ചാണ് അക്കാഡമിക്ക് രൂപം നല്‍കിയത്. മാര്‍ത്തോമ ഫുട്ബോള്‍ അക്കാഡമി സമ്മര്‍ ക്യാമ്പോടു കൂടി(എംടിഎഫ്എ)യാണ് പ്രവര്‍ത്തനം തുടങ്ങിയത്.
കേരളത്തിന്റെ കായിക ഭൂപടത്തില്‍ മലയോര മേഖലയുടെ സ്ഥാനം ഉറപ്പിക്കുകയും ദീര്‍ഘകാലാടിസ്ഥാനത്തില്‍ മികച്ച താരങ്ങളെ വാര്‍ത്തെടുത്തു ആരോഗ്യമുള്ള നവ സമൂഹത്തെ സൃഷ്ടിക്കുകയുമാണ് അക്കാഡമിയുടെ പ്രഥമ പരിഗണന.
മാര്‍ത്തോമ കോളജ് മൈതാനത്തില്‍ സ്കൂള്‍ ലോക്കല്‍ മാനേജര്‍ റവ. എസ്. ജോര്‍ജ് അക്കാഡമി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.ബി. സുഭാഷ് അധ്യക്ഷത വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. രാജീവ് തോമസ് മുഖ്യസന്ദേശം നല്കി.
പ്രധാനാധ്യാപിക ഷീജ തോമസ്, കോളജ് മുന്‍ കായികാധ്യാപകന് റോജസ് ഫെര്‍ണാണ്ടസ്, എടക്കര സോക്കര്‍ അക്കാഡമി ഹെഡ് കോച്ച് ഷമീര്‍ ചിറക്കല്‍, സ്റ്റാഫ് സെക്രട്ടറി പി.ടി. സജിമോന്‍, വൈ. സാംകുട്ടി എന്നിവര്‍ പ്രസംഗിച്ചു.
മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന നൂറു വിദ്യാര്‍ഥികള്‍ക്കാണ് മാര്‍ത്തോമ കോളജ് മൈതാനത്തില്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ ദിവസവും ശാസ്ത്രീയമായ പരിശീലനം നല്‍കുന്നത്. കായികാധ്യാപിക എം.ഐ. മറിയാമ്മ, അധ്യാപകരായ ബാബു ഷെരീഫ്, ബിനു തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.