സിപിഎം-എംഎല്‍എ പോര്: നിലമ്പൂരിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ആശങ്ക
1459934
Wednesday, October 9, 2024 7:05 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ നിയോജക മണ്ഡലത്തിന്റെ എംഎല്‍എ പി.വി. അന്‍വറും സിപിഎമ്മും പോരടിച്ച് വഴി പിരിഞ്ഞതോടെ നിലമ്പൂരിലെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാവി എന്താകുമെന്ന ആശങ്കയിലാണ് തദ്ദേശവാസികള്‍. നടന്നുകൊണ്ടിരിക്കുന്ന ചില നിര്‍മാണ പ്രവൃത്തികള്‍ പ്രതിസന്ധിയിലാകുമോയെന്നാണ് ചിലരുടെയെങ്കിലും ആശങ്ക.
നിലമ്പൂര്‍ ബൈപാസ്, ഗവ. കോളജ്, മലയോര ഹൈവേ പൂര്‍ത്തീകരണം, ടൗണ്‍ വികസനം തുടങ്ങിയ നിരവധി വികസന പദ്ധതികളാണ് നിലമ്പൂരില്‍ പൂര്‍ത്തീകരിക്കാനുള്ളത്. എട്ട് വര്‍ഷം മുമ്പ് തുടങ്ങിയ ബൈപാസ് നിര്‍മാണം എവിടെയുമെത്തിയിട്ടില്ല. കെഎന്‍ജി റോഡിലെ ജ്യോതിപ്പടി മുതല്‍ വെളിയന്തോട് വരെ ആറ് കിലോമീറ്ററോളം നീളമുള്ള ബൈപാസിന്റെ ആദ്യ റീച്ചിലെ ഭൂമി ഏറ്റെടുത്ത് നഷ്ടപരിഹാര വിതരണം മാത്രമാണ് പൂര്‍ത്തീകരിച്ചത്. ഈ ഭാഗം മണ്ണിട്ട് നികത്തിയിട്ടുമുണ്ട്.
രണ്ടാം റീച്ചില്‍ ഉള്‍പ്പെട്ട ഭാഗത്ത് റോഡ് നിര്‍മാണത്തിനായി ഭൂമി വിട്ടു നല്കുന്നവര്ക്കുള്ള നഷ്ടപരിഹാര വിതരണം അനിശ്ചിതത്വത്തിലാണ്. 30 വര്‍ഷത്തോളമായി ഭൂമി വില്‍ക്കാനോ മറ്റു ക്രയവിക്രയങ്ങള്‍ക്കോ സാധിക്കാതെ ബുദ്ധിമുട്ടുകയാണ് ഈ ഭാഗത്തെ കുടുംബങ്ങള്‍. വിഷയം മുഖ്യമന്ത്രിയെ നേരില്‍ അറിയിക്കാന്‍ ഇവരെ എംഎല്‍എ മുഖ്യമന്ത്രിയുടെ അടുത്തേക്ക് കൊണ്ടുപോയത് വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. എംഎല്‍എ പാവപ്പെട്ട ജനങ്ങളെ വഞ്ചിക്കുന്നവെന്ന തരത്തില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി വിമര്‍ശിച്ചത് സിപിഎം- എംഎല്‍എ പോരിന് ഇടയാക്കിയിരുന്നു.
സിപിഎമ്മുമായി അകന്ന ശേഷം പി.വി. അന്‍വര്‍ എംഎല്‍എ വിഷയം പാര്‍ട്ടിക്കെതിരേ ഉപയോഗിക്കുകയും ബൈപാസ് നിര്‍മാണം മുടക്കിയത് സിപിഎം ആണെന്ന് തുറന്നടിക്കുകയും ചെയ്തിരുന്നു. ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ബൈപാസിന് തുരങ്കം വച്ചെന്നും ആരോപിച്ചിരുന്നു. എന്നാല്‍ എംഎല്‍എയുടെ കെടുകാര്യസ്ഥത കൊണ്ടാണ് ബൈപാസ് നിര്‍മാണം നിലച്ചതെന്നാണ് സിപിഎം നല്കുന്ന മറുപടി. എംഎല്‍എ പോയാലും ഈ സര്‍ക്കാരിന്റെ കാലത്ത് ബൈപാസ് നിര്‍മാണം പൂര്‍ത്തീകരിക്കുമെന്ന് സിപിഎം പ്രഖ്യാപിച്ചിട്ടുമുണ്ട്. എന്നാല്‍ തുടര്‍നടപടികള്‍ എങ്ങനെ മുന്നോട്ട് പോകുമെന്ന് കണ്ടുതന്നെ അറിയേണ്ടിവരും.
നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ 10 കോടി രൂപയുടെ കെട്ടിടം നിര്‍മാണഘട്ടത്തിലാണ്. ഇതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ എംഎല്‍എയുടെ ശക്തമായ പിന്തുണ കൂടിയേ തീരു. ജില്ലാ ആശുപത്രിക്ക് കൂടുതല്‍ സ്ഥലം ലഭിച്ച് കൂടുതല്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുന്ന പദ്ധതിക്കായി സമീപത്തുള്ള നിലമ്പൂര്‍ നരഗസഭയുടെ കീഴിലുള്ള യുപി സ്കൂളിന്റെ സ്ഥലം വിട്ടുനല്‍കണമെന്ന് എംഎല്‍എ നേരത്തെ നഗരസഭയോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം നഗരസഭ സര്‍ക്കാരിലേക്ക് വയ്ക്കുകയും ചെയ്തതാണ്. എന്നാല്‍ സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എംഎല്‍എ വഴി വേണം നടത്താന്‍. അല്ലെങ്കില്‍ നഗരസഭ മുന്നിട്ടിറങ്ങി ചെയ്യേണ്ടിവരും. അതിന് നഗരസഭ തയാറാകുമോ എന്നത് പ്രശ്നമാണ്.
2016ല്‍ നിലമ്പൂരില്‍ അനുവദിച്ച ഗവ. കോളേജ് 2018ല്‍ സമീപ പഞ്ചായത്തായ പൂക്കോട്ടുംപാടത്താണ് പ്രവര്‍ത്തനം തുടങ്ങിയത്. അഞ്ച് വര്‍ഷം പൂക്കോട്ടുംപാടത്ത് സ്വകാര്യ കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് കോളജ്പ്രവര്ത്തിച്ചത്. കഴിഞ്ഞ വര്‍ഷം നിലമ്പൂര്‍ കോടതിപ്പടിയിലെ സ്വകാര്യ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ കോളജിനായി അമരമ്പലം പഞ്ചായത്തില്‍ കണ്ടെത്തിയ അഞ്ചേക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ഇപ്പോഴും പൂര്‍ത്തീകരിച്ചിട്ടില്ല.
മലയോര ഗ്രാമങ്ങളുടെ മുഖച്ഛായ മാറ്റിയ മലയോര ഹൈവേയും പൂര്‍ത്തീകരിക്കാനുണ്ട്. മലയോര ഹൈവേ നിര്‍മാണം പൂര്‍ത്തിയായ പഞ്ചായത്തുകളില്‍ വലിയ ഗതാഗത വികസനം സാധ്യമായിട്ടുണ്ട്. എന്നാല്‍ മറ്റു ഭാഗങ്ങളില്‍ പദ്ധതി പൂര്‍ത്തിയായിട്ടില്ല. വനംവകുപ്പിന്റെ തടസമാണ് പ്രതിസന്ധിയെന്നാണ് എംഎല്‍എയുടെ ആരോപണം. ബൈപാസ്, കോളജ് തുടങ്ങിയവക്ക് നിരന്തരം ആവശ്യപ്പെട്ടിട്ടും പണം അനുവദിച്ചില്ലന്നും എംഎല്‍എ ആരോപിക്കുന്നുണ്ട്. വികസന പ്രവൃത്തികളില്‍ എംഎല്‍എയും സിപിഎമ്മും പരസ്പരം പഴിചാരുമ്പോള്‍ പദ്ധതികള്‍ എന്ന് യാഥാര്‍ഥ്യമാകുമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.