‘നിലന്പൂരിലെ വന്യമൃഗ ശല്യത്തിന് പരിഹാരം കാണണം’
1590259
Tuesday, September 9, 2025 5:40 AM IST
നിലന്പൂർ:നിലന്പൂർ ടൗണിലെ വന്യമൃഗശല്യത്തിനെതിരേ പ്രതിരോധ നടപടികൾ വേണമെന്ന് കനോലി റസിഡന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. നിലന്പൂർ പോലീസ് ക്യാന്പിൽ പുലി എത്തുകയും നഗരസഭയിൽ ടൗണിൽ ഉൾപ്പെടെ വന്യമൃഗശല്യം രൂക്ഷമാവുകയും ചെയ്ത സഹചര്യത്തിലാണ്പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടത്.
ജനവാസ മേഖലയോട് ചേർന്നു കിടക്കുന്ന വനമേഖലയിലെ അടിക്കാട് വെട്ടി വൃത്തിയാക്കുകയും ഡിവൈഎസ്പി ഓഫീസ് പരിസരത്ത് കൂട്ടിയിട്ടിരിക്കുന്ന പഴയ വാഹനങ്ങൾ നീക്കം ചെയ്യുകയും വേണം.
ഇതു സംബന്ധിച്ച് നിലന്പൂർ നോർത്ത് ഡിഎഫ്ഒയ്ക്കും നിലന്പൂർ എസ്എച്ച്ഒയ്ക്കും അസോസിയേഷൻ നിവേദനം നൽകിയിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ കനോലി റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം.സി. അബു, സെക്രട്ടറി കെ.വി. ജയന്ദൻ, ട്രഷറർ സീതി, പി. രാജഗോപാൽ എന്നിവർ പങ്കെടുത്തു.