നാടൻപാട്ടിന്റെ താളത്തിലുണർന്ന് കോട്ടക്കുന്ന്
1590260
Tuesday, September 9, 2025 5:40 AM IST
മലപ്പുറം: ഓണം വാരഘോഷത്തിന്റെ അഞ്ചാം ദിനമായിരുന്ന ഇന്നലെ മലപ്പുറം കോട്ടക്കുന്നിൽ ആവേശം വിതറി അതുൽ നറുകരയും സംഘവും. നാടൻപാട്ടിന്റെ തനത് ശൈലിയെ പാശ്ചാത്യ സംഗീതത്തോടിഴ ചേർത്ത് അവതരിപ്പിച്ചപ്പോൾ പ്രായഭേദമന്യേ നൂറുക്കണക്കിനാളുകളാണ് അതുലിനോടൊപ്പം ചേർന്ന് പാടിത്തിമിർത്തത്.
സ്വതന്ത്രമായി ചിട്ടപ്പെടുത്തിയ ചടുലമാർന്ന ഈണങ്ങളിൽ സിനിമാ ഗാനങ്ങളും നാടൻ പാട്ടുകളും അതുൽ പാടി. കലാഭവൻ മണിയുടെ പ്രശസ്തമായ നാടൻ പാട്ടുകളും അതുലിന്റെ ശബ്ദത്തിൽ മലയാള സിനിമ ആസ്വാദകർ ഏറ്റെടുത്ത "പാലാപ്പള്ളി തിരുപ്പള്ളി’യും നരിവേട്ടയിലെ "ആടു പൊൻമയിലും ’ പാടി അലയിളക്കിയാണ് കോട്ടക്കുന്നിൽ നിന്ന് അതുൽ നറുകരയും സംഘവും മടങ്ങിയത്.
ഓണം വാരാഘോഷത്തിന്റെ സമാപന ദിവസമായ ഇന്ന് വൈകുന്നേരം ഏഴിന് കോട്ടക്കുന്നിൽ പിന്നണി ഗായിക രഞ്ജിനി ജോസും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക് ഇവന്റ് അരങ്ങേറും.