ലഹരിക്കെതിരേ സമൂഹ നടത്തം ശ്രദ്ധേയമായി
1590506
Wednesday, September 10, 2025 5:23 AM IST
മലപ്പുറം: ലഹരി വ്യാപനത്തിനെതിരെ ജനകീയ പ്രതിരോധമെന്ന മുദ്രാവാക്യവുമായി പ്രൗഡ് കേരളയുടെ ആഭിമുഖ്യത്തിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന വാക്ക് എഗെൻസ്റ്റ് ഡ്രഗ്സ് ലഹരിക്കെതിരേ സമൂഹ നടത്തം മലപ്പുറത്ത് സംഘടിപ്പിച്ചു.
ഇന്നലെ രാവില ആറിന് മലപ്പുറം കളക്ടറുടെ ബംഗ്ലാവിന് മുന്നിൽ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ജാഥ ഫ്ളാഗ് ഓഫ് ചെയ്തു. ലഹരിക്കെതിരായ പോരാട്ടം ഏറ്റവും താഴെത്തട്ടിൽ വരെ എത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായും ഇക്കാര്യത്തിൽ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കോട്ടപ്പടി ജംഗ്ഷനിലേക്ക് വാദ്യമേളങ്ങളുടെ അകന്പടിയോടെ നീങ്ങിയ ജാഥാംഗങ്ങൾക്ക് രമേശ് ചെന്നിത്തല ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരി ഉപഭോഗത്തിനെതിരെയുള്ള സമരം വീടുകളിൽ നിന്നും തെരുവുകളിൽ നിന്നും തുടങ്ങേണ്ടതാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
സർക്കാർ സംവിധാനങ്ങൾ പകച്ച് നിൽക്കുന്പോൾ പൊതുജനങ്ങൾക്ക് സ്വയം പ്രതിരോധിക്കാൻ രംഗത്തിറങ്ങാതെ വേറെ വഴിയില്ല. കേരളത്തിലെ തെരുവുകളിൽ നിന്ന് ലഹരിയുടെ അവസാനത്തെ വേരും പറിച്ചെറിയുന്നത് വരെ പ്രതിരോധം തുടരും. നമ്മുടെ കുഞ്ഞുങ്ങൾ നമ്മുടെ രാജ്യം കെട്ടിപ്പടുക്കേണ്ടവരാണ്. അവരെ ലഹരിക്കായി കുരുതി കൊടുക്കാനാകില്ല- ചെന്നിത്തല പറഞ്ഞു.
പൊതുപ്രവർത്തകരും കലാകാരൻമാരും സാംസ്കാരിക പ്രവർത്തകരും വിദ്യാർഥികളും വീട്ടമ്മമാരും വിവിധ സന്നദ്ധ സംഘടനകളും ജനകീയ നടത്തത്തിൽ പങ്കാളികളായി. പ്രൗഡ് കേരളയുടെ നേതൃത്വത്തിൽ ജില്ലാ ആസ്ഥാനങ്ങളിൽ നടക്കുന്ന ഏഴാമത് വാക്കത്തോണ് ആണ് മലപ്പുറത്ത് നടന്നത്.
പ്രൗഡ് കേരള ചെയർമാൻ മലയിൻകീഴ് വേണുഗോപാൽ അധ്യക്ഷനായിരുന്നു. പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ, എംഎൽഎമാരായ എ.പി. അനിൽകുമാർ, കെ.പി.എ. മജീദ്, പി. അബ്ദുൾ ഹമീദ്, പി.ഉബൈദുള്ള, ആര്യാടൻ ഷൗക്കത്ത്, യു.എ. ലത്തീഫ്, ആബിദ് ഹുസൈൻ തങ്ങൾ, ടി.വി. ഇബ്രാഹിം, നജീബ് കാന്തപുരം, കുറുക്കോളി മൊയ്തീൻ,
ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ്, പി. സുരേന്ദ്രൻ, ഇയ്യാച്ചേരി കുഞ്ഞികൃഷ്ണൻ, മലപ്പുറം ഖാസി ഒ.പി. മുത്തുക്കോയ തങ്ങൾ, ഫാ. സെബാസ്റ്റ്യൻ ചെന്പുകണ്ടത്തിൽ, അഷ്റഫ് കോക്കൂർ, പി.ടി. അജയ്മോഹൻ, ഡോ.ആർ.വൽസലൻ, യു.കെ. അഭിലാഷ്, ഇ.പി. രാജീവ്, രോഹിത് നാഥ് തുടങ്ങിയവർ നേതൃത്വം നൽകി.