വിവാഹ വാഗ്ദാനം നൽകി പീഡനം; യുവാവ് അറസ്റ്റിൽ
1590507
Wednesday, September 10, 2025 5:23 AM IST
എടക്കര: വിവാഹ വാഗ്ദാനം നൽകി സ്ത്രീകളെ ലൈംഗിക ചൂഷണത്തിനിരകളാക്കുകയും സന്പത്ത് കവരുകയും ചെയ്ത കേസിൽ മേലാറ്റൂർ സ്വദേശി പോത്തുകൽ പോലീസിന്റെ പിടിയിലായി.
മേലാറ്റൂർ എടപ്പറ്റ തൊടുക്കുഴി കുന്നുമ്മൽ മുഹമ്മദ് റിയാസ് (42) ആണ് അറസ്റ്റിലായത്. സെപ്റ്റംബർ രണ്ടിന് പോത്തുകൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് സ്റ്റേഷൻ ഹൗസ് ഓഫീസർ സി.എൻ. സുകുമാരനും സംഘവും പ്രതിയെ അറസ്റ്റ് ചെയ്തത്.
വിധവകളും നിരാലംബരുമായ സ്ത്രീകളെ മൊബൈൽ ഫോണിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി ലൈംഗിക ചൂഷണത്തിനിരയാക്കുകയും പണവും ആഭരണങ്ങളും കവർന്ന ശേഷം മുങ്ങുകയുമാണ് ഇയാളുടെ രീതി. സ്ത്രീകളെ പറ്റിച്ച് നേടുന്ന പണം കൊണ്ട് ആഢംബര ജീവിതം നയിക്കുകയാണ് മുഹമ്മദ് റിയാസ് ചെയ്തിരുന്നത്.
വയനാട് പനമരത്തുള്ള ഭാര്യയുടെ കൂടെ ഒളിവിൽ താമസിക്കുന്നതിനിടെയാണ് പോത്തുകൽ സ്ക്വാഡ് പ്രതിയെ അറസ്റ്റ് ചെയ്തത്. പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ സമാന തട്ടിപ്പിൽ ഇയാൾക്കെതിരെ നിലവിൽ കേസുകളുണ്ട്.
മലപ്പുറം പോലീസ് മേധാവി ആർ. വിശവനാഥിന്റെ നിർദേശ പ്രകാരം നിലന്പൂർ ഡിവൈഎസ്പി സജു കെ. അബ്രഹാമിന്റെ നേതൃത്വത്തിലാണ് പ്രതിക്കായി അന്വേഷണം നടത്തിയത്. എസ്ഐ മനോജ്, സീനിയർ സിപിഒമാരായ അബ്ദുൾ നാസർ, ശ്രികാന്ത് എടക്കര, സാബിർ അലി, സക്കീർ ഹുസൈൻ, സിപിഒമാരായ ഷാഫി മരുത, ഷൈനി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.