കോഴിക്കോടിന്റെ പുതിയ കളക്ടറായി എ.ഗീത ചുമതലയേറ്റു
1278168
Friday, March 17, 2023 12:12 AM IST
കോഴിക്കോട്: കോഴിക്കോടിന്റെ 43-ാമത് കളക്ടറായി എ. ഗീത ചുമതലയേറ്റു. എഡിഎം സി. മുഹമ്മദ് റഫീഖ് പൂച്ചെണ്ട് നൽകി കളക്ടറെ സ്വീകരിച്ചു.
കൂട്ടായ പ്രവർത്തനത്തിലൂടെ മുന്നോട്ട് പോകുമെന്ന് ചുമതല ഏറ്റ ശേഷം കളക്ടർ പറഞ്ഞു. 18 മാസം വയനാട് കളക്ടറായ പരിചയത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചു. പൊതുജനങ്ങൾക്ക് സന്ദർശനത്തിന് എല്ലാ ദിവസവും ഒരു നിശ്ചിത സമയം അനുവദിക്കും. ഔദ്യോഗിക ആവശ്യങ്ങൾക്ക് എപ്പോൾ വേണമെങ്കിലും സമീപിക്കുന്നതിന് തടസമില്ല.
അഴിമതി അനുവദിക്കില്ലെന്നും ജോലിയുടെ കാര്യത്തിൽ ഒരു വീഴ്ചയും പാടില്ലെന്നും കളക്ടർ പറഞ്ഞു.
ജില്ലയിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ പഠിക്കും. ഞെളിയൻ പറമ്പ് സന്ദർശിച്ച് നിജ സ്ഥിതി വിലയിരുത്തും.
ഗതാഗത കുരുക്ക് ഉൾപ്പെടെ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തും. മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് ചെയ്യേണ്ട മുന്നൊരുക്കങ്ങൾ പൂർത്തിയാക്കുന്നതിന് മുൻഗണന നൽകുമെന്നും പറഞ്ഞു.
ഡിഡിസി എം.എസ്. മാധവിക്കുട്ടി, സബ് കളക്ടർ വി. ചെത്സാസിനി, ഡെപ്യൂട്ടി കളക്ടർമാർ, ഉദ്യോഗസ്ഥർ, കളക്ടറേറ്റിലെ ജീവനക്കാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.