പതങ്കയത്ത് കാണാതായ വിദ്യാര്‍ഥിക്കുവേണ്ടി തെരച്ചില്‍ തുടരുന്നു
1581500
Tuesday, August 5, 2025 7:41 AM IST
കോടഞ്ചേരി: നാരങ്ങാത്തോട് പതങ്കയത്ത് ഞായറാഴ്ച ഉച്ചയോടെ കാണാതായ മഞ്ചേരി കച്ചേരിപ്പടി സ്വദേശി അലന് അഷ്റഫിന് (16) വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു. ഞായറാഴ്ച വൈകുന്നേരം കനത്ത മഴ പെയ്തതിനാല്‍ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നു. രണ്ടാം ദിവസമായ ഇന്നലെ നടത്തിയ തെരച്ചിലിലും ഫലം കണ്ടില്ല. ഇന്ന് രാവിലെ 8.30 ന് വീണ്ടും തെരച്ചില്‍ ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി അറിയിച്ചു.
ഇന്നലത്തെ തെരച്ചിലിന് കോടഞ്ചേരി പോലീസ്, മുക്കം ഫയര്‍ഫോഴ്സ്, സ്കൂബ ഡൈവിംഗ് ടീം, എന്റെ മുക്കം, കര്‍മ ഓമശേരി, സാന്ത്വനം ഓമശേരി, ടാസ്ക് ഫോഴ്സ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീല അസീസ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് ചെയര്‍പേഴ്സണ്‍ സൂസന് വര്‍ഗീസ്, വാര്‍ഡ് മെമ്പര്‍മാരായ ലീലാമ്മ കണ്ടത്തില്‍, റോസമ്മ കയത്തുങ്കല്‍, തഹസില്‍ദാര്‍ സി.സുബൈര്‍ എന്നിവര്‍ നേതൃത്വം നല്കി. പാണ്ടിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ടി.സി. റംസിയ, വൈസ് പ്രസിഡന്റ് കെ.സുബക്കത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം കുരിക്കള്‍ മുത്തു, പഞ്ചായത്ത് മെമ്പര്‍മാരായ വി. മജീദ്, കെ.ഫൈസല്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.