ന്യൂനപക്ഷ സമുദായങ്ങള്‍ക്കു വേണ്ടത് ജാഗ്രത: മോൺ. ജന്സന് പുത്തന്‍വീട്ടില്‍
1581193
Monday, August 4, 2025 5:14 AM IST
കോഴിക്കോട്: ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തിയും അറസ്റ്റ് ചെയ്തും ദൈവിക ശുശ്രൂഷ തടയാന്‍ കഴിയില്ലെന്ന് പ്രഖ്യാപിച്ച് കോഴിക്കോട്ട് ക്രൈസ്തവ വിശ്വാസികളുടെ റാലി. അറസ്റ്റ്കൊണ്ട് ഭയക്കില്ലെന്ന് റാലിയില്‍ പങ്കെടുത്ത നൂറുകണക്കിനാളുകള്‍ പ്രഖ്യാപിച്ചു.
ഛത്തീസ്ഗഡില്‍ വ്യാജകുറ്റം ചുമത്തി രണ്ടു കന്യാസ്ത്രീകളെ ജയലിലടച്ചില് പ്രതിഷേധിച്ച് കോഴിക്കോട് അതിരൂപത, താമരശേരി രൂപതയുടെ പാറോപ്പടി ഫൊറോന, കോഴിക്കോട് എക്യുമെനിക്കല്‍ ഫോറം, കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്, കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് റാലി സംഘടിപ്പിച്ചത്. വൈദികരും സന്യസ്തരും അല്മായരുമുള്പ്പെടെയുള്ളവര് പ്രതിഷേധത്തിന്റെ ഭാഗമായി.
അറസ്റ്റിനെതിരായ ബാനറുകളും പ്ലക്കാര്‍ഡുകളുമേന്തിയാണ് വിശ്വാസികള്‍ റാലിയില്‍ അണിചേര്‍ന്നത്. നിരപരാധികളായ കന്യാസ്ത്രീകളെ ജയിലില്‍ അടച്ച ഛത്തീസ്ഗഡ് സര്‍ക്കാരിനെതിരായ രോഷം റാലിയില്‍ അണപൊട്ടി. മതേതര ഇന്ത്യയെ കീറിമുറിക്കാനുള്ള ഒരു വിഭാഗത്തിന്റെ നീക്കം അനുവദിക്കില്ലെന്ന് അവര്‍ ഉറക്കെ വിളിച്ചുപറഞ്ഞു.
നാടിനുവേണ്ടി ജീവിതം സമര്‍പ്പിച്ച സന്യസ്തരുടെ കൈകള്‍ വിലങ്ങുവയ്ക്കാന്‍ വിട്ടുകൊടുക്കില്ലെന്ന് വിശ്വാസികള്‍ പ്രഖ്യാപിച്ചു. സിറ്റി സെന്റ് ജോസഫ്സ് ദേവാലയത്തില്‍നിന്നാണ് റാലി ആരംഭിച്ചത്. ഇടവക വികാരി ഫാ. റെനി ഫ്രാന്‍സിസ് റോഡ്രിഗ്സ് ഫ്ളാഗ് ഓഫ് ചെയ്തു. കണ്ണൂര്‍ റോഡ് ജംഗ്ഷൻ, ക്രിസ്ത്യന്‍ കോളജ് ക്രോസ് റോഡ് വഴി പള്ളിയങ്കണത്തില്‍ റാലി സമാപിച്ചു. കോഴിക്കോട് അതിരൂപത വികാരി ജനറാൾ മോൺ. ജന്സന് പുത്തന്‍വീട്ടില്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.
രാജ്യത്ത് ന്യൂനപക്ഷ സമുദായങ്ങള്ക്കുവേണ്ടത് അതീവ ജാഗ്രതയാണെന്നാണ് ഛത്തീസ്ഗഡ് സംഭവം കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീകള്‍ക്കു ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെങ്കിലും പല സഹോദരങ്ങളും ഇപ്പോഴും പീഡനങ്ങള്‍ അനുഭവിക്കുകയാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരേ ചില കേന്ദ്രങ്ങളില്‍ നിന്നുള്ള നീതിരഹിതമായ ആക്രമണങ്ങള്‍ ആവര്ത്തിക്കെപ്പെടാതിരിക്കാന് ഭരണകൂടങ്ങള്‍ നടപടി സ്വീകരിക്കണം.
അറസ്റ്റ് ചെയ്യപ്പെട്ട സിസ്റ്റേഴ്സിന്റെ ഹൃദയത്തിലുണ്ടായ മുറിവ് ക്രൈസ്തവ വിശ്വാസികളുടെ ഹൃദയത്തിലുണ്ടായ മുറിവാണ്. പത്തു ദിവസം കന്യാസ്ത്രീകള്‍ ജയിലില്‍ കിടക്കേണ്ടിവന്നത് ലോക മനഃസാക്ഷിക്കേറ്റ മുറിവാണ്. ദൈവത്തിന്റെ ശുശ്രൂഷയാണ് അവര്‍ നിര്‍വഹിക്കുന്നത്. അതു തടയാന്‍ ഒരു ശക്തിക്കും സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് മുഖ്യപ്രഭാഷണം നടത്തി. ഇഷ്ടമുള്ള മതത്തില്‍ വിശ്വാസിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ആഭ്യന്തരമന്ത്രി വിചാരിച്ചാല്‍ കന്യാസ്ത്രീകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കില്ല.
മുംബൈയില്‍ ആക്രമണം നടത്തിയ ഭീകരര്‍ക്കെതിരായ നിയമത്തിന്റെ പരിധിയിലാണ് കന്യാസ്ത്രീകളെയും കൊണ്ടുവന്നിട്ടുള്ളതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഫൊറോന വികാരി ഫാ. ജെറോം ചിങ്ങന്തറ, കേരള കൗണ്‍സില്‍ ഓഫ് ചര്ച്ചസിനുവേണ്ടി ഫാ. ജെയിംസ് സിഎസ്ഐ, സന്യാസിനികളുടെ പ്രതിനിധിയായി അപ്പസ്തോലിക് കാര്‍മല്‍ സഭയിലെ സിസ്റ്റര്‍ മരിയ ആല്മ എസി, മലങ്കര ഓര്‍ത്തഡോക്ടസ് സഭ സെക്രട്ടറി ഫാ. ബോബി പീറ്റർ, എഇഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി, അതിരൂപത പ്രസിഡന്റ് ബിനു എഡ്വേര്‍ഡ് എന്നിവര്‍ പ്രസംഗിച്ചു.