കൊടിയത്തൂരിൽ പഞ്ചായത്ത് ഓഫീസ് മാർച്ച് രാഷ്ട്രീയ പ്രേരിതമെന്ന്
1580436
Friday, August 1, 2025 5:30 AM IST
മുക്കം: കൊടിയത്തൂർ പഞ്ചായത്ത് ഭരണസമിതിക്കെതിരേ ഇല്ലാക്കഥകൾ പ്രചരിപ്പിച്ച് സിപിഎമ്മിന്റെ നേതൃത്വത്തിൽ പഞ്ചായത്തോഫീസിലേക്ക് ഇന്ന് നടക്കുന്ന മാർച്ച് രാഷ്ട്രീയ പ്രേരിതമാണന്ന് പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു, വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ എന്നിവർ പറഞ്ഞു. കഴിഞ്ഞ നാലര വർഷമായി ജില്ലയിൽ തന്നെ ഏറ്റവും മാതൃകപരമായ വികസന പ്രവർത്തനങ്ങളാണ് കൊടിയത്തൂരിൽ നടന്ന് വരുന്നത്.
ഇത്തരം പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയ വ്യത്യാസമില്ലാതെ വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇടത് അനുഭാവികൾ പോലും ഭരണസമിതിയെ പിന്തുണച്ച് രംഗത്ത് വരുമ്പോൾ തങ്ങളുടെ വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന ഭീതിയാണ് സിപിഎമ്മിനെ ഇത്തരം സമരങ്ങളിലേക്ക് നയിക്കുന്നത്.
ലൈഫ് ഭവനപദ്ധതിയിൽ 120 ഓളം പേർക്ക് വീട് നൽകി. കൂടാതെ അർഹതപ്പെട്ട എല്ലാവർക്കും പട്ടയം ലഭ്യമാക്കുകയുമുൾപ്പെടെ പഞ്ചായത്തിന്റെയും ബ്ലോക്ക്, ജില്ല പഞ്ചായത്തുകളുടേയും സഹായത്തോടെ കോടിക്കണക്കിന് വികസന പ്രവർത്തനങ്ങളാണ് നടന്നത്. ലൈഫ് പദ്ധതി പ്രകാരം ജനറൽ വിഭാഗത്തിന് അനുവദിച്ച 98 വീടുകളിൽ 85 ഉം പട്ടികജാതി വിഭാഗത്തിന് അനുവദിച്ച 19ൽ 15 ഉം പട്ടികവർഗ വിഭാഗത്തിനനുവദിച്ച രണ്ടിൽ ഒരു വീടിന്റെയും നിർമാണം പൂർത്തിയാവുകയും ചെയ്തിട്ടുണ്ട്.
ഇതിൽ വിളറി പൂണ്ട ഇടതുപക്ഷം സംസ്ഥാന ഭരണത്തിനെതിരെയുള്ള ജനവികാരം മറക്കാൻ മനപൂർവം ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് പ്രസിഡന്റും വൈസ് പ്രസിഡന്റും പറഞ്ഞു.