നാദാപുരത്തും തൂണേരിയിലും തെരുവുനായയുടെ ആക്രമണം
1580691
Saturday, August 2, 2025 5:20 AM IST
നാദാപുരം: തൂണേരിയിലും, നാദാപുരത്തും തെരുവുനായയുടെ പരാക്രമത്തിൽ ഏഴ് പേർക്ക് പരിക്ക്. സ്കൂൾ വിദ്യാർഥിയും, ഭിന്നശേഷിക്കാരനടക്കമുള്ള ഏഴ് പേർക്കാണ് രാവിലെയും വൈകുന്നേരവുമായി കടിയേറ്റത്.രാവിലെ സ്കൂളിലേക്ക് പോകാൻ തൂണേരിയിൽ ബസ് കാത്ത് നിൽക്കുന്നതിനിടെയാണ് പേരോട് എംഐഎം ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥി മുഹമ്മദ് റിയാൻ (14) ന് തെരുവുനായയുടെ കടിയേറ്റത്.
പരിക്കേറ്റ റിയാനെ നാദാപുരം ഗവ. താലൂക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. വലത് കൈക്കും, കഴുത്തിനുമാണ് പരിക്കേറ്റത് .
വൈകുന്നേരം മൂന്നരയോടെയാണ് സംസ്ഥാന പാതയിൽ നാദാപുരം ഗവ. ആശുപത്രിക്ക് സമീപത്ത് കഴുത്തിന് മാരകമായി മുറിവേറ്റ് പുഴുവരിച്ച നിലയിൽ ടൗണിലൂടെ പരക്കം പാഞ്ഞ തെരുവ് നായ ഭിന്നശേഷി കാരനടക്കം ആറ് പേരെ കടിച്ചത്.
ഭിന്നശേഷിക്കാരനായ നാദാപുരം സ്വദേശി ചേനത്ത് താഴ കുനി ഷമീം (35), മെഡിക്കൽ ഷോപ്പ് ജീവനക്കാരി തളീക്കര സ്വദേശിനി പുളിയുള്ള പറമ്പത്ത് ഉനൈസ (22), സേലം സ്വദേശി ധൻപാൽ (59), കക്കട്ട് കുന്നുമ്മൽ സ്വദേശി കൊരട്ടോടി വീട്ടിൽ റിയാസ് (38),
ഉമ്മത്തൂർ സ്വദേശി ചേടിയാലയിൽ വീട്ടിൽ അദ്നാൻ (19), നെന്മാറ അയിലൂർ സ്വദേശി സജീഷ് (33) എന്നിവർക്കാണ് കാലുകളിലും, കൈകളിലും നായയുടെ കടിയേറ്റത്.നായയുടെ ആക്രമത്തിനിടെ വീണ് സജീഷിന്റെ തോൾ എല്ല് പൊട്ടി.
പരിക്കേറ്റ ആറ് പേരും നാദാപുരം ഗവ. ആശുപത്രിയിൽ ചികിത്സ തേടി.പരാക്രമം കാട്ടിയ നായയെ നാട്ടുകാർ തല്ലി കൊന്നു.