തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഷികപദ്ധതികള്‍ക്ക് അംഗീകാരം
1580842
Sunday, August 3, 2025 5:29 AM IST
കോഴിക്കോട്: 12 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് കൂടി അംഗീകാരം നല്‍കിയതോടെ ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും പദ്ധതികള്‍ക്ക് അംഗീകാരം നല്കി ജില്ല ആസൂത്രണ സമിതി. വാര്‍ഷിക പദ്ധതി അവലോകനവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് ശേഷിച്ച പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുമ്പ് എല്ലാ പ്രവൃത്തികളും ആരംഭിക്കണമെന്നും വ്യക്തിഗത ആനുകൂല്യങ്ങള്‍ നല്‍കുന്നതിനുള്ള ജില്ലയിലെ ഗുണഭോക്തൃ പട്ടിക15ന് മുമ്പ് നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കും മേല്‍ത്തട്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്കും കൈമാറണമെന്നും യോഗം നിര്‍ദേശിച്ചു.
വാര്‍ഷിക പദ്ധതിയില്‍ അംഗീകാരം നല്കിയ മുഴുവന്‍ പദ്ധതികളും സ്പില്‍ ഓവറില്ലാതെ പൂര്‍ത്തിയാക്കുന്ന ജില്ലയായി മാറുകയെന്ന ലക്ഷ്യം നേടാന്‍ തദ്ദേശ സ്ഥാപനങ്ങളും ഉദ്യോഗസ്ഥരും ശ്രമിക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ല പഞ്ചായത്ത് പ്രസിഡന്റും സമിതി ചെയര്‍പേഴ്സണുമായ ഷീജ ശശി ആവശ്യപ്പെട്ടു. മൂന്ന് ഹെല്‍ത്ത് ഗ്രാന്‍ഡ് പ്രോജക്റ്റുകള്‍ക്കും ഒരു വേസ്റ്റ് മാനേജ്മെന്റ് പ്രോജക്റ്റിനും സമിതിയില്‍ അംഗീകാരം നല്കി.
യോഗത്തില്‍ ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി എ. സുധാകരന്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഇന്‍-ചാര്‍ജ് സി.പി. സുധീഷ്, ആസൂത്രണ സമിതി അംഗങ്ങള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.