സോളാര്‍ വേലിയില്ലെങ്കില്‍ സാരി വേലി : വനം വകുപ്പിനു താക്കീതായി പെരുവണ്ണാമൂഴിയില്‍ ആയിരങ്ങള്‍ അണിനിരന്ന റാലി
1580830
Sunday, August 3, 2025 5:16 AM IST
രാജന് വര്‍ക്കി
പേരാമ്പ്ര: വര്‍ധിച്ചു വരുന്ന വന്യമൃഗ ശല്യത്തിനറുതി വരുത്താത്ത സര്‍ക്കാര്‍ നിലപാടിനെതിരെ താമരശേരി രൂപത കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിലേക്ക് ആയിരക്കണക്കിനു കര്‍ഷകര്‍ അണിനിരന്ന സാരി വേലി റാലി നടത്തി. കൂരാച്ചുണ്ട്, മരുതോങ്കര ഫൊറോനകളുടെ പരിധിയില്‍ വരുന്ന 25 ഇടവകകളില്‍ നിന്നുള്ള കര്‍ഷകര്‍ സമ്മേളിച്ച റാലി വനം വകുപ്പിനു താക്കീതായി. ഇടതടവില്ലാതെ മഴയുണ്ടായിരുന്നെങ്കിലും ആവേശം തെല്ലും ചോരാതെയാണ് കര്‍ഷക ജനത പെരുവണ്ണാമൂഴിയിലേക്ക് ഒഴുകിയെത്തിയത്.
റാലിയും ധര്‍ണയും താമരശേരി രൂപത വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം വയലില്‍ ഉദ്ഘാടനം ചെയ്തു. മലയോര ജനതയ്ക്ക് ഇവിടെ മാന്യമായി ജീവിക്കണമെന്നും ജീവനും സ്വത്തും സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ കയ്യേറ്റക്കാരല്ല. കഠിനാധ്വാനത്തിലൂടെ മണ്ണില്‍ പൊന്നുവിളയിച്ച് മലബാറിന്റെ വികസന കുതിപ്പിനു വഴി ഒരുക്കിയ പൂര്‍വ പിതാക്കളുടെ പിന്‍തലമുറയ്ക്കും ഇവിടെ ഭയവും ആശങ്കയും കൂടാതെ ജീവിക്കണം.
വന്യമൃഗങ്ങള്‍ കാട്ടില്‍ പെരുകിയപ്പോള്‍ നാട്ടിലിറങ്ങി കര്‍ഷകരെ ദ്രോഹിക്കുകയാണ്. പെരുവണ്ണാമൂഴി വനാതിര്‍ത്തി മേഖലയില്‍ സോളാര്‍ വേലി സ്ഥാപിക്കുമെന്ന് ഏഴുമാസം മുമ്പ് പ്രഖ്യാപിച്ച മന്ത്രിയെ ഇപ്പോള്‍ നാട്ടില്‍ കാണാനില്ല.ഇതിനെതിരെയാണ് ഫോറസ്റ്റ് ഓഫീസുകളുടെ പരിസരത്ത് കര്‍ഷകര്‍ സാരി വേലി നിര്‍മിച്ച് പ്രതിഷേധിക്കുന്നത്.
മണിമന്ദിരത്തിലിരിക്കുന്ന മന്ത്രിക്ക് പരിഹാസ ചിരിയുണ്ടാകാം. തൂമ്പാ പിടിച്ച് തഴമ്പിച്ച കൈകളാണ് കര്‍ഷകരുടേത്. ആവശ്യം വന്നാല്‍ മനസില്‍ ഇരുമ്പ് വേലിയും നിര്‍മിക്കും. കര്‍ഷകര്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്തവരെ ഇരുമ്പു വേലി മനസിനകത്തിട്ട് പൂട്ടും. കര്‍ഷക ദ്രോഹികള്‍ക്ക് സ്ഥാനം പുറത്തായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂരാച്ചുണ്ട് ഫൊറോനാ വികാരി ഫാ. വിന്‍സെന്റ് കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. നിലനില്‍പ്പിന്റെ സമര മുഖത്താണ് മലയോര ജനതയെന്ന് അദ്ദേഹം പറഞ്ഞു. മൃഗസംരക്ഷണത്തിനു പ്രാധാന്യം കല്പ്പിക്കുന്നവര് കര്‍ഷക രക്ഷ മറക്കുകയാണ്. കര്‍ഷകന്റെ ഭൂമിയില്‍ അഴിച്ചു വിട്ട് കൃഷിയുടെ കാടിയും തീറ്റയും നല്കി വന്യ മൃഗങ്ങളെ പോറ്റാമെന്ന് ഇനിയും അധികാരികള്‍ വിചാരിക്കരുത്. കൃഷി ഭൂമിയിലിറങ്ങിയാല്‍ ഇനി അവയൊന്നും തിരിച്ച് കാട് കാണില്ല.
അതിന്റെ മുന്നറിയിപ്പാണ് ഈ സമരം. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തി നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലുമെന്ന് മലയോരത്തെ ഒരു പഞ്ചായത്ത് പ്രസിഡന്റ് പ്രഖ്യാപിച്ചപ്പോള്‍ രോമാഞ്ചമുണര്ന്ന് മലയോര ജനത കയ്യടിച്ചു. പലതും ഉണ്ടാകുമെന്നു കരുതിയെങ്കിലും വെടി തീര്‍ന്ന തുരുമ്പിച്ച തുപ്പാക്കിയാണ് സഖാവിന്റെ പക്കലുണ്ടായിരുന്നതെന്ന് കാലം തെളിയിക്കുന്നതും നാം കണ്ടുവെന്ന് അദ്ദേഹം പറഞ്ഞു.
കത്തോലിക്ക കോണ്‍ഗ്രസ് രൂപതാ പ്രസിഡന്റ് ഡോ. ചാക്കോ കാളാംപറമ്പില്‍ മുഖ്യ പ്രഭാഷണം നടത്തി. വ്യക്തികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് ഭരണഘടന അനുശാസിക്കുന്നുണ്ടെങ്കിലും പലപ്പോഴും അത് നടപ്പിലാവുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കര്‍ഷകരടക്കമുള്ള സാധാരണ ജനങ്ങള്‍ക്കു കൂടി മാന്യമായി ജീവിക്കാനാണ് നിയമങ്ങള്‍ അനുശാസിക്കുന്നത്. സംരക്ഷണം നല്‍കാതെ കര്‍ഷകരെ ഇനിയും വോട്ടു ബാങ്കായി കാണാമെന്ന് ആരും കരുതേണ്ട.
നാട് ഭരിക്കുന്നവര്‍ നിര്ഗുണര് ആയിരിക്കരുത്. കര്‍ഷകരടക്കമുള്ള ജനങ്ങള്‍ നേരിടുന്ന ദുരിതങ്ങള്‍ക്ക് അറുതി വരുത്താന്‍ ഇവര്‍ക്ക് കടമയുണ്ട്. വന്യമൃഗാക്രമണത്തില്‍ വലയുന്ന കര്‍ഷകരുടെ രക്ഷകരായി ഭരണാധികാരികള്‍ മാറണം. പൂര്‍വ പിതാക്കള്‍ ഉപദ്രവകാരികളായ വന്യമൃഗങ്ങളെ എങ്ങനെ കൈകാര്യം ചെയ്തെന്ന് പുതിയ തലമുറ മറന്നിട്ടില്ല. ആയുധങ്ങളും ഓര്‍മ്മയുണ്ട്. അതു പ്രയോഗിക്കാന്‍ ഇട വരുത്തരുതെന്ന് അദ്ദേഹം മുന്നറിയിപ്പുനല്‍കി.
കത്തോലിക്ക കോണ്‍ഗ്രസ് രൂപതാ ഡയറക്ടര്‍ ഫാ. സബിന്‍ തൂമുള്ളില്‍ വിഷയാവതരണം നടത്തി.വന്യമൃഗങ്ങളുടെ അധിനിവേശത്തിനെതിരെയുള്ള പ്രമേയം ഫാ.റെജി വള്ളോപ്പള്ളി അവതരിപ്പിച്ചു. ഫാ.റോയി കൂനാനിക്കല്‍ കര്‍ഷക അതിജീവന പ്രതിജ്ഞയും ഫാ. പ്രിയേഷ് തേവടിയില്‍ ക്രൈസ്തവ ഐക്യ പ്രഖ്യാപന പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.
മാത്യു പേഴ്ത്തിങ്കല്‍ ക്രൈസ്തവ പീഡനത്തിനെതിരേ പ്രമേയം അവതരിപ്പിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് രൂപത ജനറല്‍ സെക്രട്ടറി ഷാജി കണ്ടത്തില്‍ ചൂരണിയില്‍ കാട്ടാനയുടെ പിടിയില്‍ നിന്നു രക്ഷപ്പെട്ട മനോജ് മറ്റപ്പള്ളിക്ക് ആദര അഭിവാദ്യങ്ങള്‍ നല്കി.
ഫാ.ആന്റോ മൂലയില്‍, ജോസ് ചെറുവള്ളില്‍, ഫാ.ഡൊമിനിക് മുട്ടത്തു കുടിയില്‍, ഫാ.ജിനോ ചുണ്ടയില്‍, ഫാ.ജോസഫ് പാലക്കാട്ട്, ഫാ.ജിത്ത് കൊച്ചുകയ്പേല്, റിച്ചാര്‍ഡ് ജോണ്‍, നിര്‍മ്മല, സണ്ണി എംബ്രയില്‍, തോമസ് ചിറക്കടവില്‍, സംഘാടക സമിതി ചെയര്മാന് ജോഷി കറുകമാലില്‍, ജന.കണ്‍വീനര്‍ ജോണ്സണ് കക്കയം എന്നിവര്‍ പ്രസംഗിച്ചു.