വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ യോഗം ചേർന്നു
1580694
Saturday, August 2, 2025 5:20 AM IST
കോഴിക്കോട്: തോണിക്കടവ്- കരിയാത്തുംപാറ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ടൂറിസം നിർവഹണ സമിതി യോഗം ചേർന്നു. സച്ചിൻ ദേവ് എംഎൽഎ, ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തോണിക്കടവ്- കരിയാത്തുംപാറ വിനോദസഞ്ചാര മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനം, കേന്ദ്രങ്ങളുടെ നടത്തിപ്പ് എന്നിവ സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്തു.
ഈ മേഖലയിൽ ആവർത്തിച്ചുകൊണ്ടിരിക്കുന്ന അപകടങ്ങൾ തടയാനായി കക്കയം മുതൽ തോണിക്കടവ്, കരിയാത്തുംപാറ വിനോദസഞ്ചാര കേന്ദ്രങ്ങൾ വരെ പ്രത്യേക അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ സച്ചിൻ ദേവ് എംഎൽഎ നിർദ്ദേശിച്ചു. കാരിയാത്തുംപാറ വിനോദസഞ്ചാര കേന്ദ്രത്തിലെ പ്രവേശന കവാടം, വിശ്രമകേന്ദ്രം, പൂന്തോട്ടം എന്നിവയുടെ നിർമാണം, സെപ്റ്റിക്ക് ടാങ്ക് നിർമാണം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു.
തോണിക്കടവിലും കരിയാത്തുംപാറയിലും നടത്തേണ്ട പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ വിശദമായ റിപ്പോർട്ട് ബന്ധപ്പെട്ട വകുപ്പുകൾ സമർപ്പിക്കണമെന്ന് ജില്ല കളക്ടർ നിർദ്ദേശിച്ചു.
ജില്ല കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ പെരുവണ്ണാമൂഴി അസിസ്റ്റന്റ് എക്സക്യൂട്ടീവ് എൻജിനീയർ പി.കെ. ബിജു, അരുൺ ജോസ്, തോണിക്കടവ് ഡെസ്റ്റിനേഷൻ മാനേജർമാരായ അമൽ ജോസഫ്, ജോസഫ് ജോൺ, കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. അഹമ്മദ്, പോർട്ട് ഓഫീസ് സൂപ്പർവൈസർ ആർ. സക്കീർ ഹുസൈൻ തുടങ്ങിയവർ പങ്കെടുത്തു.