കോടികൾ പാഴാവുന്നു: കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാത പൊളിഞ്ഞ് തുടങ്ങി
1581201
Monday, August 4, 2025 5:26 AM IST
മുക്കം: കിലോമീറ്ററിന് നാല് കോടിയിലധികം രൂപ മുടക്കി നവീകരണ പ്രവൃത്തി പൂർത്തിയായ കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിലെ അപാകതകൾക്കെതിരേ വ്യാപകമായി പരാതികൾ ഉയരുന്നതിനിടെ റോഡ് പൊളിഞ്ഞു തുടങ്ങി. ഓടത്തെരുവ് വളവിലാണ് രണ്ട് മുന്ന് സ്ഥലങ്ങളിലായി റോഡ് പൊളിഞ്ഞ് തുടങ്ങിയത്.
നേരത്തെ ഈ ഭാഗത്ത് റോഡ് ടാർ ചെയ്തതിന് പിന്നാലെ താഴ്ന്ന് പോയിരുന്നു. അന്ന് താൽക്കാലിക പ്രവൃത്തി നടത്തി അധികൃതർ തടിതപ്പുകയായിരുന്നു. ഇതിന് പിന്നാലെയാണിപ്പോൾ ഉദ്ഘാടനം നടന്ന് ഒരു വർഷത്തിനുള്ളിൽ റോഡ് പൊളിയാനുമാരംഭിച്ചത്.
നേരത്തെ റോഡ് നിർമാണത്തിലെ അപാകതയെ തുടർന്ന് വിജിലൻസ് പരിശോധന നടത്തുകയും മനുഷ്യാവകാശ കമ്മീഷൻ കേസെടുക്കുകയും ചെയ്തിരുന്നു. നവീകരണ ശേഷം സംസ്ഥാന പാതയിൽ അപകടങ്ങൾ തുടർക്കഥയാണ്. എരഞ്ഞിമാവിനും ഓമശേരിക്കുമിടയിൽ ഒരു വർഷത്തിനിടെ മാത്രം 400ൽ അധികം അപകടങ്ങൾ നടക്കുകയും നിരവധി പേർ മരിക്കുകയും ചെയ്തിരുന്നു.
ഭാരം കൂടിയ വാഹനങ്ങൾ യാത്ര ചെയ്യുന്ന ഭാഗത്ത് നിരവധി സ്ഥലങ്ങളിലാണ് റോഡ് താഴ്ന്ന് പോയി ചാലുകൾ രൂപപ്പെട്ടത്. കാരശേരി പഞ്ചായത്തിലെ കറുത്ത പറമ്പിൽ ഉൾപ്പെടെ തട്ടിക്കൂട്ട് പ്രവൃത്തി നടത്തി അധികൃതർ തടിതപ്പുകയായിരുന്നു.
കരാർ കമ്പനിയുടെ സൈറ്റ് ഓഫീസിന് സമീപം മുതൽ കറുത്ത പറമ്പ് അങ്ങാടി കഴിയുന്നത് വരെ റോഡിൽ യാത്രക്കാർക്ക് പെട്ടെന്ന് കാണാൻ കഴിയാത്ത വിധം റോഡ് താഴ്ന്ന് പോയിരുന്നു. ഇരു ചക്രവാഹനങ്ങളും ഓട്ടോറിക്ഷ പോലുള്ള വാഹനങ്ങളും ഇവിടെ എത്തിയാൽ ടയർ പഞ്ചറായ അനുഭവമാണന്ന് ഡ്രൈവർമാർ പറയുന്നു.
താഴ്ന്ന ഭാഗം പൂർണമായും പൊളിച്ചുമാറ്റാതെ ഇതിന് മുകളിൽ ടാറൊഴിച്ച് പ്രവൃത്തി നടത്തുകയായിരുന്നു. ഇതോടെ ഈ ഭാഗത്തിപ്പോൾ അപകട ഭീഷണിയും നിലനിൽക്കുന്നു. സാധാരണ നിലയിൽ പഞ്ചായത്ത് റോഡുകളൊക്കെ ചെയ്യുന്നത് പോലെയുള്ള പ്രവൃത്തിയാണ് 200 കോടിയിലേറെ രൂപ മുടക്കി പ്രവൃത്തി നടക്കുന്ന റോഡിൽ ചെയ്തിരിക്കുന്നത്.
അശാസ്ത്രീയമായ നിർമാണമാണ് റോഡിന്റെ ഈ അവസ്ഥക്ക് പ്രധാന കാരണം. ഓമശേരിക്കും എരഞ്ഞിമാവിനുമിടയിലുള്ള ഭാഗത്താണ് ഏറ്റവും കൂടുതൽ പരാതി ഉയർന്നിരിക്കുന്നത്. മുക്കം ടൗണിൽ സിഗ്നലിന് സമീപം, കറുത്ത പറമ്പ്, ഓമശേരി ടൗൺ, കാപ്പുമല വളവ്, മുക്കം പാലത്തിന്റെ ഇരുഭാഗത്തും തുടങ്ങിയ സ്ഥലങ്ങളിലെല്ലാം യാത്രക്കാർക്ക് വലിയ ദുരിതമാണ്.
റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 222 കോടി രൂപ ചെലവിലാണ് റോഡ് നവീകരണം നടന്നത്. കൊയിലാണ്ടി- പൂനൂർ, പൂനൂർ- ഓമശേരി, ഓമശേരി- എരഞ്ഞിമാവ് എന്നീ മൂന്ന് റീച്ചുകളുടെ നിർമാണത്തിനാണ് 222 കോടി രൂപയുടെ കരാർ നൽകിയത്.
ആവശ്യമായ വീതി ലഭ്യമാകുന്ന ഇടങ്ങളിൽ 12 മീറ്റർ കാര്യേജ് വേ ആയി അത്യാധുനിക സൗകര്യങ്ങളോടെയാണ് റോഡിന്റെ പുനർനിർമാണം നടക്കുകയെന്നും വ്യക്തമാക്കിയിരുന്നു. കലുങ്കുകൾ, പാലങ്ങൾ എന്നിവയുടെ നിർമാണവും പരിപാലനവും, ഡ്രൈനേജുകൾ, ടൈൽ വിരിച്ച ഹാൻഡ് റെയിലോട് കൂടിയ നടപ്പാതകൾ, പ്രധാന ജംഗ്ഷനുകളുടെ സൗന്ദര്യവത്കരണം, തെരുവുവിളക്കുകൾ തുടങ്ങി അത്യാധുനിക സംവിധാനത്തോടെയാണ് റോഡ് നിർമാണമെന്നാണ് ആദ്യഘട്ടത്തിൽ അറിയിച്ചിരുന്നത്.