എസ്പിസി അനുഭവങ്ങളും പ്രതീക്ഷകളും കളക്ടറുമായി പങ്കുവെച്ച് വിദ്യാര്‍ഥികള്‍
1580838
Sunday, August 3, 2025 5:29 AM IST
കോഴിക്കോട്: എസ്പിസി പരിശീലനത്തിലെ അനുഭവങ്ങളും ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകളും ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗുമായി പങ്കുവെച്ച് വിദ്യാര്‍ഥിനികള്‍.
പതിനഞ്ചാമത് എസ്പിസി ദിനത്തിന്റെ ഭാഗമായി കളക്ടറേറ്റില്‍ ഗാര്‍ഡ് ഓഫ് ഓണറിനെത്തിയ കുന്നമംഗലം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എസ്പിസി കേഡറ്റുകളാണ് കളക്ടറുമായി സംവദിച്ചത്. രണ്ട് വര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാക്കിയ 22 വിദ്യാര്‍ഥിനികളാണ് പങ്കെടുത്തത്.
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പരിശീലനം വിദ്യാര്‍ഥികളില്‍ അച്ചടക്കവും ശാരീരികക്ഷമതയും ആത്മവിശ്വാസവും വളര്‍ത്തുമെന്ന് പറഞ്ഞ കളക്ടര്‍, കായികക്ഷമത നിലനിര്‍ത്താനുള്ള പരിശീലനം തുടരണമെന്നും ആത്മവിശ്വാസത്തോടെ സ്വപ്നങ്ങളിലേക്ക് എത്തണമെന്നും ഓര്‍മിപ്പിച്ചു.
ലഹരി, പൊതുഗതാഗത സംവിധാനത്തിലെ പ്രയാസങ്ങള്‍, യുപിഎസ്സി പരീക്ഷ തുടങ്ങിയ വിഷയങ്ങളിലെ വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ക്കും കളക്ടര്‍ മറുപടി നല്കി.
പരിപാടിയില്‍ പരിശീലകനായ എസ്ഐ ബാബുരാജ്, കമ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ ആര്.കെ. ഹരീഷ് കുമാര്‍, കെ. നീത, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.