പതങ്കയത്ത് വിദ്യാർഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി
1581194
Monday, August 4, 2025 5:14 AM IST
കോടഞ്ചേരി: നാരങ്ങാത്തോട് പതങ്കയത്ത് വിദ്യാർഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. മഞ്ചേരിയിൽ നിന്നും വന്ന ആറംഗ സംഘത്തിൽപ്പെട്ട കച്ചേരിപ്പടി സ്വദേശി അഷറഫ് വളശേരിയുടെ മകൻ അല(16) നെയാണ് ഇന്നലെ ഉച്ചയോടെ ഒഴുക്കിൽപ്പെട്ട് കാണാതായത്. എസ്എംഎസ്എച്ച്എസ്എസ് തുറക്കൽ മഞ്ചേരി സ്കൂളിൽ പ്ലസ്വൺ വിദ്യാർഥിയാണ് അലൻ.
സഹപാഠികളായ ആറുപേർ അടങ്ങുന്ന സംഘം ഏകദേശം പതിനൊന്നരയോടെയാണ് പതങ്കയത്ത് എത്തിച്ചേർന്നത്. തുടർന്ന് വെള്ളത്തിലിറങ്ങിയ അലനെ കാണാതാവുകയായിരുന്നു. കൂടെ വന്ന സഹപാഠി അലനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഒഴുക്കിൽപ്പെട്ട് പോവുകയായിരുന്നു.
കോടഞ്ചേരി പോലീസ്, മുക്കം ഫയർഫോഴ്സ്, ടാസ്ക് ഫോഴ്സ് തുടങ്ങിയവർ തെരച്ചിൽ നടത്തിയെങ്കിലും അലനെ കണ്ടെത്താനായില്ല. തെരച്ചിൽ ഇന്ന് രാവിലെ പുനരാരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി അറിയിച്ചു. കൂടുതൽ സന്നദ്ധ സേനാംഗങ്ങൾ തെരച്ചിലിന് എത്തിച്ചേരണമെന്ന് പ്രസിഡന്റ് അറിയിച്ചു.