ബസുകള്‍ ഓടും; മിന്നല്‍ പണിമുടക്കിന് ആഹ്വാനം ചെയ്താല്‍ കര്‍ശന നടപടി
1580841
Sunday, August 3, 2025 5:29 AM IST
വടകര: പെരിങ്ങത്തൂരില്‍ കണ്ടക്ടറെ മര്‍ദിച്ചവരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ദിവസങ്ങളായി തുടരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചതായി പ്രഖ്യാപനം. റൂറല്‍ എസ്പി കെ.ഇ. ബൈജുവും ആര്‍ടിഒ രാജേഷും വിളച്ചു ചേര്‍ത്ത യോഗത്തിലാണ് പ്രഖ്യാപനമുണ്ടായത്. ഞായറാഴ്ച മുതല്‍ സര്‍വീസ് നടത്താന്‍ തീരുമാനമായി.
ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് പ്രതിനിധികളും സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ്, എച്ച്എംഎസ്, എഐടിയുസി തുടങ്ങിയ തൊഴിലാളി സംഘടനാ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു. ബസ് കണ്ടക്ടറെ മര്‍ദിച്ചതിനെ യോഗം അപലപിച്ചു.
പണിമുടക്കിന് ആഹ്വാനം ചെയ്തത് യൂണിയന് ഭാരവാഹികളുടെയോ ഓണേഴ്സ് അസോസിയേഷന്റെയോ അറിവോടെയല്ലെന്നും ഏതോ വാട്സാപ്പ് കൂട്ടായ്മയുടെ ആഹ്വാന പ്രകാരമാണ് നടന്നതെന്നും യോഗത്തില്‍ ബന്ധപ്പെട്ടവര്‍ അറിയിച്ചു.
തൊട്ടില്‍പാലം-തലശേരി റൂട്ടിലെ ജഗന്നാഥ് ബസിലെ കണ്ടക്ടറെ ഒരു സംഘമാളുകള്‍ ബസില്‍ കയറി ക്രൂരമായി ആക്രമിച്ചതിന്റെ പേരിലായിരുന്നു ബസുകള്‍ ഓടാതിരുന്നത്. മുഴുവന്‍ പ്രതികളെയും പിടികൂടണമെന്ന് ആവശ്യപ്പെട്ട് വാട്സാപ്പ് കൂട്ടായ്മയിലൂടെ ചിലര്‍ നല്കിയ പണിമുടക്ക് സന്ദേശം മൂലം ബസുകള്‍ സര്‍വീസ് നടത്തിയില്ല.
ഇതേ തുടര്‍ന്നാണ് വടകര താലൂക്കിലും മൂന്ന് ദിവസമായി ബസ് സര്‍വീസ് നിലച്ചത്. വാട്സാപ്പിലുടെ മിന്നല്‍ പണിമുടക്കിന് ആഹ്വാനം നല്‍കുന്നവര്‍ക്കെതിരെ സൈബര്‍ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് എസ്പി മുന്നറിയിപ്പു നല്കി.