അക്ഷരോന്നതി പദ്ധതിയിലേക്ക് 7,235 പുസ്തകങ്ങള്‍ കൈമാറി
1580843
Sunday, August 3, 2025 5:29 AM IST
കോഴിക്കോട്: ജില്ലയിലെ പട്ടികവര്‍ഗ ഉന്നതികളില്‍ വായന സംസ്കാരം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പും പട്ടികവര്‍ഗ വികസന വകുപ്പും ജില്ലാ ഭരണകൂടവും ചേര്‍ന്ന് ആവിഷ്കരിച്ച അക്ഷരോന്നതി പദ്ധതിയിലേക്ക് ഹയര്‍ സെക്കന്‍ഡറി വിഭാഗം നാഷണല്‍ സര്‍വീസ് സ്കീം സമാഹരിച്ച 7,235 പുസ്തകങ്ങള്‍ ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന് കൈമാറി.
വിദ്യാര്‍ഥികള്‍ സ്വന്തമായും വീടുകള്‍ കയറിയിറങ്ങിയുമാണ് പുസ്തകങ്ങള്‍ സമാഹരിച്ചത്. ജില്ലയിലെ 162 എന്‍എസ്എസ് യൂണിറ്റുകളില്‍ നിന്നായി 16,200 വളണ്ടിയര്‍മാര്‍, പ്രോഗ്രാം ഓഫീസര്‍മാര്‍, ക്ലസ്റ്റര്‍ കണ്‍വീനര്‍മാര്‍, ജില്ലാ റീജിയണല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ പദ്ധതിയില്‍ പങ്കാളികളായി.
ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബൈജു ജോസ്, ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ സിന്ധു, എന്‍എസ്എസ് റീജ്യണല്‍ കണ്‍വീനര്‍ എസ്. ശ്രീജിത്ത്, ജില്ലാ കണ്‍വീനര്‍ എം.കെ. ഫൈസല്‍ എന്നിവര്‍ പങ്കെടുത്തു.