മീൻമുട്ടിയിൽ കാട്ടാനകളെ തുരത്താൻ ആർആർടി സംഘം പരിശോധന തുടങ്ങി
1580836
Sunday, August 3, 2025 5:29 AM IST
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്തിലെ അഞ്ചാം വാർഡ് കരിയാത്തുംപാറ മീൻമുട്ടി മേഖലയിലെ കൃഷിയിടത്തിൽ കാട്ടാനകൾ ഇറങ്ങി പ്രദേശവാസികളിൽ ഭീതി പരത്തിയതിനെ തുടർന്ന് വനംവകുപ്പിന്റെ ആർആർടി സംഘം ഇന്നലെ പരിശോധന ആരംഭിച്ചു.
കാട്ടാനകളെ തുരത്തുന്നതിന് കഴിഞ്ഞദിവസം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചേർന്ന ജാഗ്രത സമിതിയുടെ യോഗ തീരുമാനപ്രകാരമാണ് വനമേഖലയിൽ പരിശോധന ആരംഭിച്ചത്. കാട്ടാനകൾ പതിവായി ഇറങ്ങുന്ന മീൻമുട്ടി പാപ്പൻചാടി കയത്തിനു മുകളിലുള്ള ചുരത്തോട് ഭാഗത്താണ് സംഘം പരിശോധന നടത്തിയത്.
എന്നാൽ കാട്ടാനകളെ കണ്ടെത്താനായിട്ടില്ല. ഈ മേഖലകളിലുള്ള മൂന്നു വഴികളിലൂടെയാണ് കാട്ടാനകൾ ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ഈ ഭാഗങ്ങളിൽ കാട്ടാനകളുണ്ടെങ്കിൽ തുരത്താനായി സംഘം പടക്കം പൊട്ടിക്കുകയും ചെയ്തു.
എന്നാൽ ഇന്നലെ ഇതിനു മുകളിലെ പേരിയ ഭാഗത്ത് കാട്ടാനകൾ ഇറങ്ങിയതായും പറയുന്നുണ്ട്. കാട്ടാന സ്ഥിരമായി ഇറങ്ങുന്ന വഴികളിൽ ആനകളെ തടയാനുള്ള സംവിധാനങ്ങൾ ഒരുക്കാൻ അളവെടുക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
കക്കയം ഫോറസ്റ്റ് ഉദ്യോഗസ്ഥരായ രതീഷ്, രഞ്ജിത്ത്, പ്രജേഷ് എന്നിവരുടെ നേതൃത്വത്തിൽ പ്രദേശവാസികളായ ജോസ് വെളിയത്ത്, ടിൽസ് പടലോടി, വിൽസൺ പുതുപ്പറമ്പിൽ, തോമസ് പാണ്ടമ്മാന, മോഹനൻ അലയമ്പ്ര എന്നിവരും വാച്ചർമാരും ആർആർടി സംഘത്തോടൊപ്പം ഉണ്ടായിരുന്നു. നാളെ വീണ്ടും മേഖലയിൽ പരിശോധനടത്തുമെന്നും അറിയിച്ചു.