കണ്ണില്‍ തുളച്ചു കയറിയ ബ്ലേഡ് അടിയന്തര ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു
1581197
Monday, August 4, 2025 5:14 AM IST
ടൈല്‍ മുറിക്കുന്നതിനിടെ അപകടം
കോഴിക്കോട്: ജോലിക്കിടെ ടൈല്‍ മുറിക്കുന്നതിനിടയില്‍ ബ്ലേഡ് പൊട്ടി യുവാവിന്റെ കണ്ണില്‍ തുളച്ചു കയറി. കണ്ണില്‍ നിന്നു രക്തം വാര്‍ന്നൊഴുകുന്ന നിലയില്‍ ഉടന്‍തന്നെ കോഴിക്കോട് കോംട്രസ്റ്റ് ചാരിറ്റബിള്‍ ട്രസ്റ്റ് കണ്ണാശുപത്രിയില്‍ എത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി ബ്ലേഡിന്റെ കഷ്ണം പുറത്തെടുത്തു.
കഴിഞ്ഞദിവസം കോഴിക്കോട് കാട്ടുകുളങ്ങര വച്ചാണ് കൊമ്മേരി സ്വദേശിയായ 42 വയസുകാരനായ യുവാവിന് പരിക്കേറ്റത്. 12 മില്ലിമീറ്റര്‍ വരുന്ന കൃഷ്ണമണിയേക്കാള്‍ വലുപ്പത്തില്‍ 15 മില്ലി മീറ്ററുള്ള ബ്ലേഡിന്റെ കഷ്ണം ശക്തിയില്‍ കണ്ണിനകത്തേക്ക് തുളച്ചു കയറി നേത്ര ഞരമ്പുകള്‍ അറ്റുപോയ നിലയിലായിരുന്നു.
റെറ്റിനല്‍ സര്ജന് ഡോ.ദിലീഷ് പി.ചന്ദ്രശേഖര്‍ , കോര്‍ണിയല്‍ സര്ജന് ഡോ.വി.അര്ജുന്, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. ദ്വിദീപ് ചന്ദ്ര, ഡോ.റൂബിയ സയ്ദ് എന്നിവരുടെ നേതൃത്വത്തില്‍ അഞ്ചുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ബ്ലേഡ് പുറത്തെടുത്തത്.കാഴ്ച വീണ്ടെടുക്കാനാകുമോ എന്നുള്ള കാര്യം വരും ദിവസങ്ങളിലെ പരിശോധനകളിലൂടെയും തുടര്‍ ശസ്ത്രക്രിയയിലൂടെയും മാത്രമേ പറയാനാകൂ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ഈയിടെയായി ഇത്തരത്തില്‍ ആശുപത്രിയിലെത്തുന്ന കേസുകളുടെ എണ്ണം വര്‍ധിച്ചുവരികയാണെന്നും അപകട സാധ്യതയുള്ള മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ നേത്ര രക്ഷാ ഷീല്‍ഡുകളോ, സംരക്ഷണ കണ്ണടയോ നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും സീനിയര്‍ റെറ്റിനല്‍ സര്‍ജനും കോംട്രസ്റ്റ് കണ്ണാശുപത്രി മെഡിക്കല്‍ ഡയറക്ടറുമായ ഡോ.വി.എസ് പ്രകാശ് പറഞ്ഞു.