പീടികപ്പാറ തേനരുവിയിൽ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു
1581203
Monday, August 4, 2025 5:26 AM IST
കൂടരഞ്ഞി: പീടികപ്പാറ തേനരുവിയിൽ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. പീടികപ്പാറ ചേനാട്ട്കുഴിയിൽ സത്താറിന്റെ കൃഷിയാണ് കാട്ടാന വ്യാപകമായി നശിപ്പിച്ചത്. വീട്ടുമുറ്റത്ത് എത്തിയ മൂന്ന് ആനകളാണ് വാഴ, കമുങ്ങ്, കാപ്പി, കൊക്കോ എന്നിവ നശിപ്പിച്ചത്. വീട്ടുകാർ അറിഞ്ഞുവെങ്കിലും ഭയത്താൽ ആരും ആനയെ ഓടിച്ചില്ല. പ്രായമായ ഉമ്മയും കുടുംബാംഗങ്ങളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
നിരന്തരം വന്യജീവി ആക്രമണം ഉണ്ടാകുന്ന കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറംതോട്, പീടികപ്പാറ, തേനരുവി, കക്കാടംപൊയിൽ എന്നിവിടങ്ങളിലെ ജനങ്ങൾ ആശങ്കയിലാണ്. ആന, കടുവ, പുലി, പന്നി തുടങ്ങിയ വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങുന്നത് പതിവാകുകയാണ്.
പകൽ സമയങ്ങളിൽ പോലും കാട്ടാനക്കൂട്ടം ജനവാസ മേഖലയിൽ തമ്പടിക്കുന്നു. വിവരം ഫോറസ്റ്റ് അധികൃതരെ അറിയിക്കുമ്പോൾ സ്റ്റാഫില്ല, എത്തിച്ചേരുവാൻ വാഹനമില്ല എന്നിങ്ങനെയുള്ള മറുപടികളാണ് ലഭിക്കുന്നതെന്നും നാട്ടുകാർ പരാതി പറയുന്നു.
വന്യജീവി ആക്രമണം: സർക്കാർ നിസംഗത അവസാനിപ്പിക്കണം: മുസ്ലിംലീഗ്
കൂടരഞ്ഞി: വർധിച്ചുവരുന്ന വന്യജീവി ആക്രമങ്ങളിൽ ധാരാളം കർഷകർ കൊല്ലപ്പെടുകയും വിളകൾക്ക് കനത്ത നാശങ്ങൾ സംഭവിക്കുകയും ചെയ്യുന്ന സാഹചര്യം കണ്ടില്ലെന്ന് നടിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിലപാടുകൾ തിരുത്തണമെന്ന് മുസ്ലിം ലീഗ് തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡന്റ് സി.കെ. കാസിം അഭിപ്രായപ്പെട്ടു.
കൂടരഞ്ഞി കൃഷിഭവന് മുന്നിൽ സ്വതന്ത്ര കർഷകസംഘം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകൃതിക്ഷോഭത്താലും കാലാവസ്ഥാ വ്യതിയാനത്തിനാലും കർഷകർക്ക് മതിയായ വിള ലഭിക്കാതിരിക്കുന്ന സാഹചര്യത്തിൽ അടിയന്തര സാമ്പത്തിക സഹായം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എൻ.ഐ. അബ്ദുൾ ജബ്ബാർ അധ്യക്ഷത വഹിച്ചു.
കർഷകസംഘം കുടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നൂറുദ്ദീൻ കളപ്പുരക്കൽ, നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് നടുക്കണ്ടി അബൂബക്കർ, ജനറൽ സെക്രട്ടറി ഷരീഫ് അമ്പലക്കണ്ടി, വൈസ് പ്രസിഡന്റ് ഇല്യാസ് മൗലവി പുത്തൻവീട്ടിൽ, സലിം പാലയാം പറമ്പിൽ, അബ്ദുൾ കരീം ഇല്ലിക്കൽ, അസീസ് നടക്കൽ, സുബൈർ പാലയാംപറമ്പിൽ, നൗഷാദ് ചേരാംപുറത്ത് തുടങ്ങിയവർ പ്രസംഗിച്ചു.