കരിയാത്തുംപാറ മീൻമുട്ടിയിൽ കാട്ടാനകൾ തമ്പടിക്കുന്നു
1580690
Saturday, August 2, 2025 5:20 AM IST
ഭീതിയോടെ പ്രദേശവാസികൾ
കൂരാച്ചുണ്ട് : പഞ്ചായത്ത് അഞ്ചാം വാർഡിൽ ഉൾപ്പെട്ട കരിയാത്തുംപാറ മീൻമുട്ടി ജനവാസ മേഖലയിലെ കൃഷിയിടത്തിൽ ഒരാഴ്ചയായി കാട്ടാനകൾ ഇറങ്ങിയതിനെ തുടർന്ന് പ്രദേശവാസികൾ ഭീതിയിൽ.
മീൻമുട്ടി മേഖലയിലെ കർഷകരായ പാണ്ടംമാന തോമസ്, പാണ്ടംമാന മത്തായി, പുതുപ്പറമ്പിൽ ജോസഫ്, നെടിയപാല ദേവസ്യ തുടങ്ങിയ കർഷകരുടെ റബർ തോട്ടങ്ങളിലാണ് ഒരാഴ്ചയായി തുടർച്ചയായി കാട്ടാനകൾ തമ്പടിക്കുന്നത്.
കാട്ടാനകൾ റബർ മരങ്ങളുടെ തൊലി നശിപ്പിക്കുന്നതായും കർഷകർ പറയുന്നു. ടാപ്പിംഗ് നടത്തുന്ന തോട്ടമാണിത്. എന്നാൽ കാട്ടാനയെ പേടിച്ച് കർഷകർ ടാപ്പിംഗ് പോലും നിർത്തിവച്ചിരിക്കുകയാണ്. വനമേഖലയായ പേരിയ മലയുടെ ഭാഗത്തുനിന്നാണ് കാട്ടാനകൾ കൃഷിയിടത്തിൽ എത്തുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.
ഇന്നലെയോടെ ഉരക്കുഴിയുടെ മേഖലയിലേക്ക് കാട്ടാനകൾ നീങ്ങിയതായും പറയുന്നു. മീൻമുട്ടി മേഖലയിൽ നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവർ കാട്ടാന പേടിയിലാണ് കഴിയുന്നത്. വനം വകുപ്പ് കാട്ടാനകളെ പ്രതിരോധിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.