മിന്നല്‍ പണിമുടക്കിനെതിരെ പ്രതിഷേധം; ബസുകള്‍ തടഞ്ഞ് ഡിവൈഎഫ്ഐ പ്രവർത്തകർ
1581204
Monday, August 4, 2025 5:26 AM IST
വടകര: സമരം അവസാനിപ്പിച്ച് ബസുകള്‍ ഓടിത്തുടങ്ങിയെങ്കിലും യാത്ര സുഗമമായില്ല. ശനിയാഴ്ച മിന്നല്‍പണിമുടക്ക് നടത്തിയതിന്റെ പേരില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഞായറാഴ്ച രാവിലെ വടകരയിലെ രണ്ട് ബസ് സ്റ്റാൻഡുകളിലും ബസുകള്‍ തടഞ്ഞിട്ടു. ഇത് ബസ് ജീവനക്കാരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റത്തിന് ഇടയാക്കി. ഇതോടെ ബസുകള്‍ ഓട്ടം അവസാനിപ്പിച്ചു. പല ബസുകളും പലയിടത്തായി നിര്‍ത്തിയിട്ടത് യാത്രക്കാരെ കഷ്ടത്തിലാക്കി. ദീര്‍ഘദൂര ബസുകളിലുള്ളവരും വലഞ്ഞു.
പെരിങ്ങത്തൂരില്‍ കണ്ടക്ടറെ മര്‍ദിച്ചതിന്റെ പേരില്‍ നടന്ന ബസ് സമരം തലശേരിയിലെ ചര്‍ച്ചയെ തുടര്‍ന്ന് പിന്‍വലിച്ചെങ്കിലും ശനിയാഴ്ച മിന്നല്‍പണിമുടക്ക് നടത്തി യാത്രക്കാരെ വലച്ചതാണ് ഡിവൈഎഫ്ഐയെ പ്രകോപിപ്പിച്ചത്. വൈകീട്ട് റൂറല്‍ എസ്പിയുടെയും ആര്‍ടിഒയുടെയും സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ സമരം ഒത്തുതീര്‍ന്നതിനാല്‍ ബസുകള്‍ ഓടിത്തുടങ്ങുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതും ബസുകള്‍ തടഞ്ഞിട്ടതും. സമരം അവസാനിച്ച് ഓടിയ ബസുകള്‍ തടഞ്ഞത് ശരിയായില്ലെന്ന് ഇതോടെ അഭിപ്രായം ഉയര്‍ന്നു.
പുതിയ ബസ് സ്റ്റാൻഡില്‍ ബസ് ജീവനക്കാരും ഡിവൈഎഫ്ഐക്കാരും തമ്മില്‍ വലിയതോതിലാണ് വാക്കേറ്റമുണ്ടായത്. യാത്രക്കാരും പ്രതിഷേധം അറിയിച്ചു. അന്തരീക്ഷം വഷളാവുമെന്ന സാഹചര്യത്തില്‍ പോലീസ് രംഗത്തെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കുകയായിരുന്നു. ബസുകള്‍ക്ക് മതിയായ സംരക്ഷണം ഒരുക്കുമെന്ന് റൂറല്‍ എസ്പി വ്യക്തമാക്കിയിരുന്നെങ്കിലും അതല്ല ഉണ്ടായത്.
പല പ്രദേശങ്ങളിലേക്കും എത്തേണ്ട യാത്രക്കാരാണ് ബസുകള്‍ തടഞ്ഞതിനാല്‍ കുടുങ്ങിയത്. ഇതിനെതിരേ യാത്രക്കാര്‍ രംഗത്തുവന്നു. ബസുകള്‍ തടഞ്ഞ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കൂടുതല്‍ പോലീസെത്തി പ്രതിഷേധക്കാരെ പിന്തരിപ്പിച്ചു. മണിക്കൂറുകള്‍ കഴിഞ്ഞ് പത്തരയോടെയാണ് ബസുകള്‍ സര്‍വീസ് പുനഃരാരംഭിച്ചത്. പിന്നീട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രകടനവും പൊതുയോഗവും നടത്തി.