ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ സൗജന്യ പിഎസ്സി പരിശീലനം
1244654
Thursday, December 1, 2022 12:22 AM IST
കൽപ്പറ്റ: ന്യൂനപക്ഷ വിഭാഗങ്ങൾക്കായുള്ള സംസ്ഥാന സർക്കാരിന്റെ സൗജന്യ പിഎസ്സി പരിശീലനത്തിനു അപേക്ഷ ക്ഷണിച്ചു. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിൽ കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡ് ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനതയ്ക്കായുള്ള പരിശീലന കേന്ദ്രത്തിലാണ് ക്ലാസുകൾ. ആറ് മാസത്തേക്കാണ് പരിശീലനം. 2023 ജനുവരി ഒന്നിനാണു പുതിയ ബാച്ചിന്റെ ക്ലാസുകൾ ആരംഭിക്കുക. പരിശീലനം സൗജന്യമാണ്. അഞ്ച് ദിവസത്തെ റഗുലർ ബാച്ചും രണ്ട് ദിവസത്തെ ഹോളിഡേ ബാച്ചുമായാണ് പരിശീലനം. എസ്എസ്എൽസിയാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. 18 വയസ് തികഞ്ഞ ക്രിസ്ത്യൻ, ജൈൻ, മുസ്ലിം മതവിഭാഗക്കാർക്ക് അപേക്ഷിക്കാം.
അപേക്ഷകൾ നിർദ്ദിഷ്ട ഫോമിൽ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ, ബിപിഎൽ വിഭാഗം ആണെങ്കിൽ റേഷൻ കാർഡിന്റെ കോപ്പി, വിധവ/വിവാഹ മോചിതർ ആണെങ്കിൽ ആയത് തെളിയിക്കുന്ന രേഖ സഹിതം പ്രിൻസിപ്പൽ, കോച്ചിംഗ് സെന്റർ ഫോർ മൈനോരിറ്റി യൂത്ത്, പഴയ ബസ്സ്റ്റാൻഡ് ബിൽഡിംഗ്, കൽപ്പറ്റ. എന്ന വിലാസത്തിലോ നേരിട്ടോ നൽകണം.
പൂരിപ്പിച്ച അപേക്ഷ 15ന് വൈകുന്നേരം അഞ്ചിന് മുൻപായി ഓഫീസിൽ എത്തിക്കണം. അപേക്ഷാ ഫോം ഓഫീസിൽ നിന്ന് ലഭ്യമാണ്. വിശദ വിവരങ്ങൾക്ക് ഫോണ്: 04936 202228.