പൊതു സ്ഥാപനങ്ങൾ അങ്ങാടിക്കു പുറത്തേക്കു മാറ്റുന്നതു ജനത്തിനു വിനയാകുന്നു
1278149
Friday, March 17, 2023 12:07 AM IST
കൽപ്പറ്റ: സ്ഥാപനങ്ങൾ ഒന്നൊന്നായി അങ്ങാടിക്കു പുറത്തേക്കു മാറ്റുന്നത് പുൽപ്പള്ളിയിൽ പൊതുജനത്തിനു വിനയായി. നിരവധി സ്ഥാപനങ്ങളാണ് ഇതിനകം ടൗണിനു പുറത്തു കെട്ടിടങ്ങളിലേക്കു മാറ്റിയത്. ഏറ്റവും ഒടുവിൽ കനറ ബാങ്ക് ശാഖയും താന്നിത്തെരുവ് റോഡിലെ സ്വകാര്യ കെട്ടിടസമുച്ചയത്തിലേക്ക് മാറ്റാൻ നീക്കം നടക്കുകയാണ്. ശാഖ മാറ്റിസ്ഥാപിക്കുന്നതിനു ചിലർ ബാങ്ക് മേധാവികളിൽ സമ്മർദം ചെലുത്തുന്നതായാണ് അങ്ങാടിപ്പാട്ട്.
ടൗണിൽനിന്നു മാറ്റിയ സ്ഥാപനങ്ങളിൽ എത്തിപ്പെടാൻ ആളുകൾ പ്രയാസപ്പെടുകയാണ്. സ്റ്റാൻഡിൽ ബസിറങ്ങുന്നവർ വിവിധ സ്ഥാപനങ്ങളിലെത്താൻ ഓട്ടോ വിളിക്കേണ്ട സ്ഥിതിയാണ്. അങ്ങാടിയിൽ ആളുകൾ തങ്ങാത്തത് ചെറുകിട വ്യാപാരികളെയും ബാധിക്കുകയാണ്. ചായക്കടകളിലും ചെറിയ പീടികകളിലും വിറ്റുവരവ് കാര്യമായി കുറഞ്ഞു. കനറ ബാങ്ക് ശാഖ മാറ്റി സ്ഥാപിക്കുന്നതിനെതിരേ ഇടപാടുകാരും വ്യാപാരികളിൽ ചിലരും രംഗത്തുവന്നിട്ടുണ്ട്.