വന്യമൃഗ ശല്യം: അപ്പപ്പാറ ഫോറസ്റ്റ് ഓഫീസിനു മുന്നിൽ കോണ്ഗ്രസ് ധർണ നടത്തി
1339167
Friday, September 29, 2023 1:45 AM IST
കാട്ടിക്കുളം: തിരുനെല്ലി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വർധിക്കുന്ന വന്യമൃഗ ശല്യത്തിനു അടിയന്തര പരിഹാരം ആവശ്യപ്പെട്ട് കോണ്ഗ്രസ് തിരുനെല്ലി, തൃശിലേരി മണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ അപ്പപ്പാറ ഫോറസ്റ്റ് ഓഫീസിനു മുന്നിൽ ധർണ നടത്തി.
ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. വന്യജീവി പ്രശ്നം പരിഹരിക്കുന്നതിൽ സർക്കാരും വനം വകുപ്പും കാട്ടുന്ന ഉദാസീനത ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു.
വന്യജീവികളിൽനിന്നു ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ സർക്കാരിന് വിമുഖതയാണ്. പനവല്ലിയിലും സമീപങ്ങളിലുമുള്ളവർ കടുവാഭീതിയിലായിട്ടും പ്രദേശം സന്ദർശിക്കാൻ വനം മന്ത്രി തയാറായില്ല.
വന്യമൃഗങ്ങൾ മൂലം ഉണ്ടാകുന്ന നാശത്തിന് മതിയായ നഷ്ടപരിഹാരം അനുവദിക്കാൻ വനം വകുപ്പ് കൂട്ടാക്കുന്നില്ല. ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിനുനേരേ സിപിഎം നേതാവായ നിയോജകമണ്ഡലം എംഎൽഎ കണ്ണടയ്ക്കുകയാണെന്നു അപ്പച്ചൻ പറഞ്ഞു. തിരുനെല്ലി മണ്ഡലം പ്രസിഡന്റ് ശശികുമാർ അധ്യക്ഷത വഹിച്ചു.
കെപിസിസി മുൻ സെക്രട്ടറി അഡ്വ.എൻ.കെ. വർഗീസ്, മാനന്തവാടി ബ്ലോക്ക് പ്രസിഡന്റ് എ.എം. നിഷാന്ത്, ഡിസിസി ജനറൽ സെക്രട്ടറി എക്കണ്ടി മൊയ്തൂട്ടി, കെഎസ്യു സംസ്ഥാന കമ്മിറ്റി അംഗം സുശോബ് ചെറുകുംഭം, റീന ജോർജ്, കെ.ജി. രാമകൃഷ്ണൻ, സതീശൻ പുളിമൂട് എന്നിവർ പ്രസംഗിച്ചു.
എം. പദ്മനാഭൻ, എ. ജോർജ്, ബാലനാരായണൻ, പി.ജി. മത്തായി, കെ.ജി. തിമ്മപ്പൻ, മാത്തപ്പൻ പനവല്ലി, നാരായണൻ തോൽപ്പെട്ടി എന്നിവർ നേതൃത്വം നൽകി. തിരുനെല്ലി പനവല്ലിയിൽ കടുവ കയറിയ കയ്മയുടെ വീട് ഡിസിസി പ്രസിഡന്റ് സന്ദർശിച്ചു.