കർഷകസംഘം മുത്തങ്ങ റേഞ്ച് ഓഫീസിലേക്ക് മാർച്ച് നടത്തി
1546602
Tuesday, April 29, 2025 7:34 AM IST
സുൽത്താൻ ബത്തേരി: നൂൽപ്പുഴ വനഗ്രാമത്തിലെ പുനരധിവാസത്തിലെ അപകാതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കർഷകസംഘം ബത്തേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുത്തങ്ങ റേഞ്ച് ഓഫീസിലേക്ക് മാർച്ച് നടത്തി. വനഗ്രാമമായ കുമഴിയിലെ പുനരധിവാസ പദ്ധതിയിലെ അപാകതകൾ പരിഹരിക്കണമെന്നും പദ്ധതി വേഗത്തിലാക്കണമെന്നും കർഷകസംഘം ആവശ്യപ്പെട്ടു.
ഗ്രാമത്തിലെ 28 കുടുംബങ്ങളാണ് നിലവിൽ റിബിൽഡ് കേരള പുനരധിവാസ പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്. എന്നാൽ യോഗ്യരായ 12 കുടുംബങ്ങളെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യമാണ് കർഷകസംഘം ഉന്നയിക്കുന്നത്.
നിലവിൽ ഭൂമിയും വീടുമുള്ള ഈ കുടുംബങ്ങൾ വിദ്യാർഥികളുടെ പഠനാവശ്യങ്ങൾക്കും ആശുപത്രി, തൊഴിൽ സംബന്ധമായ കാര്യങ്ങൾക്കുമായി പുറത്ത് താമസിക്കുകയാണ്. ഈ കുടുംബങ്ങളെ കൂടി ഉൾപ്പെടുത്തിയും ബാഹ്യഇടപെടലുകൾ ഒഴിവാക്കിയും പദ്ധതി വേഗത്തിലാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
പ്രതിഷേധ പരിപാടി കർഷക സംഘം ജില്ലാപ്രസിഡന്റ് എ.വി. ജയൻ ഉദ്ഘാടനം ചെയ്തു. വില്ലേജ് സെക്രട്ടറി ചക്രപാണി അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ടി.കെ. ശ്രീജൻ, സി.എൻ. രവി, കെ.എം. സിന്ധു എന്നിവർ പ്രസംഗിച്ചു.