ജനവാസകേന്ദ്രത്തിൽ കാവലായി കുങ്കികൾ
1546612
Tuesday, April 29, 2025 7:34 AM IST
സുൽത്താൻ ബത്തേരി: ജനവാസകേന്ദ്രത്തിലെത്തുന്ന കാട്ടാനകളെ തടയാൻ കാവലായി കുങ്കികൾ. കഴിഞ്ഞദിവസം കാട്ടാനകൾ പ്രതിരോധ മതിൽ പൊളിച്ച് ബത്തേരി ടൗണിലും ജനവാസകേന്ദ്രത്തിലും ഇറങ്ങുകയും കൃഷികൾ നശിപ്പിച്ചും ജനങ്ങൾക്ക് ഭീഷണിയാവുകയും ചെയ്തിരുന്നു.
കാട്ടാനകളെ പ്രതിരോധിക്കാനാണ് കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപമുള്ള കാരാപ്പുഴ ക്വാട്ടേഴ്സ് വളപ്പിൽ കുങ്കിയാനകൾ നിലയിറുപ്പച്ചിരിക്കുന്നത്. മുത്തങ്ങ ആനപന്തിയിലെ കുങ്കിയാനകളായ സുരേന്ദ്രൻ, പ്രമുഖ എന്നിവയെയാണ് കാട്ടാനകളെത്തുന്നത് തടയാനായി കാരാപ്പുഴ ക്വാട്ടേഴ്സ് വളപ്പിൽ എത്തിച്ചിരിക്കുന്നത്.
കഴിഞ്ഞ രണ്ട് ദിവസമായി കുങ്കിയാനകൾ ഇവിടെ നിലയുറപ്പിച്ചതോടെ കാട്ടാനകൾ ഇതുവഴി എത്തിയിട്ടില്ല. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് വനാതിർത്തിയോട് ചേർന്ന കാരാപ്പുഴ ക്വാട്ടേഴ്സിന്റെ ചുറ്റുമതിൽ പൊളിച്ച് കാട്ടാന കോന്പൗണ്ടിൽ കടന്നത്. പിന്നീട് സുൽത്താൻ ബത്തേരി - പുൽപ്പള്ളി റോഡിനോട് ചേർന്നും ക്വാട്ടേഴ്സിന്റെ മതിലും തകർത്താണ് കാട്ടാന റോഡിലും ജനവാസകേന്ദ്രത്തിലും എത്തി ഭീഷണി സൃഷ്ടിച്ചത്. തൊട്ടടുത്തുള്ള സ്വകാര്യവ്യക്തിയുടെ വീടിന്റെ ചുറ്റുമതിലും ആന തകർത്തു.
കാട്ടാന ഇറങ്ങുന്നതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നഗരസഭചെയർമാൻ ടി.കെ. രമേഷും പ്രദേശത്തെ റിസിഡൻസ് അസോസിയേഷൻ ഭാരവാഹികളും അംഗങ്ങളും വൈൽഡ് ലൈഫ് വാർഡനെ നേരിൽ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് കാട്ടാനകളെ തുരത്താനായി കുങ്കികളെ എത്തിച്ചത് കുങ്കിയാനകളെ ഉപയോഗിച്ചുള്ള പ്രതിരോധം എത്രനാൾ തുടരാനാകുമെന്നതിൽ നാട്ടുകാരിൽ ആശങ്കയുമുണ്ട്.
സംസ്ഥാനത്ത് എവിടെ കാട്ടാനശല്യം രൂക്ഷമായാലും മുത്തങ്ങയിൽ നിന്നാണ് കുങ്കിയാനകളെ കൊണ്ടുപോകുന്നത്. നിലവിൽ മേപ്പാടി പൂളക്കുന്ന് ഉന്നതിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതോടെ ഉണ്ണികൃഷ്ണൻ, വിക്രം എന്നീ രണ്ട് കുങ്കികളെ മുത്തങ്ങയിൽ നിന്നെത്തിച്ചാണ് തെരച്ചിൽ നടത്തുന്നത്.
മറ്റെവിടെയെങ്കിലും കാട്ടാന ആക്രമണം രൂക്ഷമായാൽ ഈ കുങ്കികളെ അങ്ങോട്ട് മാറ്റാൻ സാധ്യതയുണ്ട്. പ്രദേശത്ത് കാട്ടാന ഇറങ്ങുന്നതിന് ശാശ്വതപരിഹാരമെന്ന നിലയിൽ വനാതിർത്തിയോട് ചേർന്ന് കൽമതിലും ഫെൻസിംഗ് സംവിധാനമടക്കമുള്ള പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.