കരടിയുടെ ആക്രമണം: നഷ്ടപരിഹാരം നൽകണമെന്ന് മണ്ഡലം കോണ്ഗ്രസ്
1546823
Wednesday, April 30, 2025 6:13 AM IST
സുൽത്താൻ ബത്തേരി: കരടിയുടെ ആക്രമണത്തിൽ മാരകമായി പരിക്കേറ്റ ചെതലയം കൊമ്മഞ്ചേരി ഉന്നതിയിലെ ഗോപിക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും വിദഗ്ദ ചികിത്സ നൽകുന്നതിന് വനം വകുപ്പ് തയാറാകണമെന്നും സുൽത്താൻ ബത്തേരി മണ്ഡലം കോണ്ഗ്രസ് കമ്മറ്റി ആവശ്യപ്പെട്ടു.
വനത്തിനകത്ത് കൊമ്മൻചേരി ഉന്നതിയിൽ താമസിച്ചിരുന്ന അഞ്ച് കുടുംബങ്ങളെ വനത്തിനകത്ത് നിന്നും മാറ്റിയെങ്കിലും ഇതുവരെ ഭൂമി നൽകുന്നതിനോ വീട് വച്ചു നൽകുന്നതിനോ സർക്കാർ തയാറായിട്ടില്ല. വനത്തിൽ നിന്നും കുടിയൊഴിപ്പിച്ച കുടുംബങ്ങളെ വനഭൂമിയിൽ പണിത താത്കാലിക ഷെഡിൽ താമസിക്കാൻ അനുവാദം നൽകുകയായിരുന്നു.
ഈ ഷെഡ്ഡുകൾ പൊളിഞ്ഞുവീണതോടെ താമസിക്കാൻ സ്ഥലമില്ലാതായ കുടുംബങ്ങളെ ചെതലയം സ്കൂൾ കെട്ടിടത്തിൽ താമസിപ്പിച്ചു. എന്നാൽ സ്കൂൾ പ്രവർത്തനത്തിന് ബുദ്ധിമുട്ടായപ്പോൾ സ്കൂളിൽ നിന്നും ഫോറസ്റ്റ് ക്വാർട്ടേഴ്സിലേക്ക് താമസം മാറ്റി. നിലവിയിൽ ഈ ക്വാട്ടേഴ്സിൽ കുടുംബങ്ങൾ ബുദ്ധിമുട്ടിയാണ് താമസിക്കുന്നത്. കൊമ്മൻചേരി ഉന്നതിയിൽ നിന്നും ഒഴിപ്പിച്ച അഞ്ച് കുടുംബങ്ങൾക്കും അർഹമായ സ്ഥലം നൽകി വീട് വച്ച് കൊടുക്കുന്നതിന് സർക്കാർ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് സതീഷ് പൂതിക്കാട് അധ്യക്ഷത വഹിച്ചു. ബാബു പഴുപ്പത്തൂർ, അസീസ് മാടാല, മധു സെബാസ്റ്റ്യൻ, ബിന്ദു സുധീർ ബാബു, സഫീർ പഴേരി, കെ.പി. സാമുവൽ, ഷിജു എളങ്ങനാമറ്റം, സി.വി. സാജു, പ്രമോദ് പാളാക്കര, ഷാലി ജോസഫ്, ഷൈലജ സോമൻ എന്നിവർ പ്രസംഗിച്ചു.