വിദ്യാർഥികളെ കുതിര സവാരി പഠിപ്പിച്ച് സ്കൂൾ; ലക്ഷ്യം കൊഴിഞ്ഞ് പോക്ക് തടയൽ
1546610
Tuesday, April 29, 2025 7:34 AM IST
സുൽത്താൻ ബത്തേരി: ഫുട്ബോളും ക്രിക്കറ്റുമൊക്കെ നിറഞ്ഞുനിന്ന ഓടപ്പള്ളം ഗവ. ഹൈസ്കൂളിന്റെ മൈതാനത്താണ് വേനൽ അവധിക്കാലത്ത് വിദ്യാർഥികളെ പുറത്ത്കയറ്റി പായുന്ന കുതിരക്കുളന്പടിശബ്ദം നിറഞ്ഞത്. ഗോത്ര വിദ്യാർഥികളെ കുതിര സവാരി പഠിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു ഇത്.
അഞ്ചാം ക്ലാസ് മുതൽ ഒന്പതാം ക്ലാസ് വരെ പഠിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട പത്ത് ഗോത്ര വിദ്യാർഥികൾക്കായാണ് കുതിര സവാരി പരിശീലനം നൽകിയത്. കല്ലൂരിലെ ഹൂഫ്സ് ഹെവൻ റൈഡിംഗ് ക്ലബ്ബാണ് സൗജന്യമായി കുട്ടികളെ സവാരി പഠിപ്പിച്ചത്. ഇവരുടെ തന്നെ റോക്കി, റൂബി എന്നീ കുതിരകളെ ഉപയോഗിച്ചായിരുന്നു പരിശീലനം.
കുതിര സവാരിയിൽ വിദഗ്ധ പരിശീലനം നേടിയ ബബിത അഗസ്റ്റിൻ, ഷിയോണ് അലി, സൂര്യ, വിഷ്ണു എന്നിവരാണ് സ്കൂളിൽ ക്യാന്പ് ചെയ്ത രാവിലെയും വൈകുന്നേരവുമായി വിദ്യാർഥികളെ പരിശീലിപ്പിച്ചത്.
വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയുക എന്ന ലക്ഷ്യത്തോടെയാണ് കുതിര സവാരി പഠിപ്പിച്ചത്. കുതിര സവാരി പഠിക്കാൻ വന്ന കുട്ടികൾ നല്ലകഴിവുള്ളവരാണെന്നും സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്ന് നല്ല പ്രോത്സാഹനം ലഭിച്ചതായും മുഖ്യ ട്രെയ്നർ ബബിതയും സാക്ഷ്യപ്പെടുത്തുന്നു.
വിദ്യാർഥികളുടെ കുതിര സവാരി പരിശീലനം നാട്ടുകാർക്കും പുതുമയുള്ള കാഴ്ചയായിരുന്നു. പരിശീലന ക്യാന്പ് നായ്ക്കട്ടി ഡിവിഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബി.പി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.പി. അനിൽ അധ്യക്ഷത വഹിച്ചു.
ഹെഡ്മിസ്ട്രസ് കെ. കമലം, എം. സി ശരത്, സുരേഷ് മാത്യു, എം.കെ. സുധ എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ ഫുട്ബോൾ ക്യാന്പ്, ഗെജ്ജ മ്യൂസിക്കൽ ബാന്റ്, സംസ്കൃതി ഓപ്പണ് തീയറ്റർ തുടങ്ങി വിവിധങ്ങളായ പദ്ധതികളാണ് സ്കൂളിൽ നടപ്പാക്കുന്നത്.