വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ലൈംഗിക അധിക്ഷേപം: പ്രതി അറസ്റ്റിൽ
1546822
Wednesday, April 30, 2025 6:13 AM IST
കൽപ്പറ്റ: ഇൻസ്റ്റഗ്രാമിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പുഞ്ചരിമട്ടം ദുരന്തബാധിതരായ സ്ത്രീകൾക്കെതിരേ ലൈംഗിക അധിക്ഷേപം നടത്തിയ യുവാവ് അറസ്റ്റിൽ. ബത്തേരി ചെതലയം നായ്ക്കമാവുടിയിൽ ബാഷിദിനെയാണ്(28) ജില്ലാ സൈബർ ക്രൈം പോലീസ് ഇൻസ്പെക്ടർ ഷജു ജോസഫ്, എസ്സിപിഒമാരായ കെ.എ. അബ്ദുൾ സലാം, ടി.സി. നജീബ്, സിപിഒമാരായ സി. രഞ്ജിത്ത്, സി. വിനീഷ, പ്രവീണ്‍കുമാർ എന്നിവരടങ്ങുന്ന സംഘം അറസ്റ്റു ചെയ്തത്. ഉരുൾദുരന്തം നടന്നതിനു പിറ്റേന്നാണ് ഇയാൾ ലൈംഗിക അധിക്ഷേപം നടത്തിയത്.
കൽപ്പറ്റയിൽ കച്ചവടം നടത്തുന്ന എറണാകുളം സ്വദേശിയുടെ ഫോട്ടോയും പേരും ദുരുപയോഗം ചെയ്താണ് ബാഷിദ് വ്യാജ അക്കൗണ്ട് നിർമിച്ചു പോസ്റ്റുകൾ ഇട്ടത്. കൽപ്പറ്റ എസ്കെഎംജെ സ്കൂളിലെ ദുരിതാശ്വാസ ക്യാന്പിൽ സേവനം ചെയുന്നതിനിടയിലാണ് തന്റെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ആരോ പോസ്റ്റുകൾ നടത്തുന്നത് എറണാകുളം സ്വദേശി അറിഞ്ഞത്. വിപിഎൻ സംവിധാനം ഉപയോഗിച്ച് ഐപി മേൽവിലാസം മാസ്ക് ചെയ്തായിരുന്നു പ്രതിയുടെ അധിക്ഷേപം.
എറണാകുളം സ്വദേശിയുടെ പരാതിയിൽ കേസെടുത്ത പോലീസ് മാസങ്ങൾ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് പ്രതിയിലേക്ക് എത്തിയത്. അനേകം ഐപി മേൽവിലാസങ്ങൾ പോലീസ് വിശകലനം ചെയ്തു. ഐടി നിയമത്തിലേതടക്കം വകുപ്പുകൾ പ്രകാരമാണ് ബാഷിദിനെതിരേ കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.