കൂണ് കൃഷി പരിശീലന പരിപാടി സംഘടിപ്പിച്ചു
1546607
Tuesday, April 29, 2025 7:34 AM IST
മാനന്തവാടി: വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി സ്മാൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (സിഡ്ബി) കേരള സ്റ്റേറ്റ് അസോസിയേഷൻ ഓഫ് ഫിനാൻഷ്യൽ ഇൻക്ലൂഷൻ ഇൻസ്റ്റിറ്റ്യൂഷൻസ് (കസാഫി) എന്നിവയുടെ സാന്പത്തിക സഹായത്തോടെ കൂണ് കൃഷി പരിശീലനത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു.
വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടന്ന പരിശീലന പരിപാടി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ ഉദ്ഘാടനം നിർവഹിച്ചു. പ്രോഗ്രാം ഓഫീസർ പി.എ. ജോസ് അധ്യക്ഷത വഹിച്ചു. കസാഫി ജില്ലാ കോഓർഡിനേറ്റർ വരുണ്‍ പദ്ധതി വിശദീകരണം നടത്തി.
മണ്‍സൂണ്‍ മഷ്റൂം നിർമാതാക്കളായ രാഹുൽ, ശ്രീകാന്ത് എന്നിവർ ട്രെയിനിംഗിന് നേതൃത്വം നൽകി. കസാഫി ഫീൽഡ് കോഓർഡിനേറ്റർ അനഘ ജോസ്, പ്രോഗ്രാം കോഓർഡിനേറ്റർമാരായ ജാൻസി ജിജോ, ചിഞ്ചു മരിയ എന്നിവർ പ്രസംഗിച്ചു. സ്വന്തമായി കൂണ് ഉണ്ടാക്കിയെടുക്കുക, വ്യക്തിതലത്തിലും സ്വാശ്രയ സംഘതലത്തിലും കൂണ് ഉത്പാദിപ്പിച്ച് വിപണനം നടത്തുക, വരുമാന വർധക പദ്ധതികൾ ആരംഭിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.
പരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കൂടാതെ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള വായ്പ സൗകര്യവും സാങ്കേതിക സഹായവും നൽകും. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി റീജണൽ കോഓർഡിനേറ്റർമാരായ ഷീന ആന്റണി, ആലീസ് സിസിൽ, ബിൻസി വർഗീസ്, ലിജ കുര്യാക്കോസ്, ജിനി ഷിനു എന്നിവർ നേതൃത്വം നൽകി.