മരം റോഡിലേക്ക് മറിഞ്ഞു
1547239
Thursday, May 1, 2025 6:11 AM IST
കാട്ടിക്കുളം: തോൽപ്പെട്ടി റോഡിൽ ചേലൂരിനു സമീപം വൻമരം റോഡിലേക്ക് മറിഞ്ഞു. കഴിഞ്ഞദിവസം അർധരാത്രിയോടെയാണ് സംഭവം. മരത്തിന്റെ കുറച്ചുഭാഗം ഇലക്ട്രിക് ലൈനിലാണ് പതിച്ചത്. മരം മറിയുന്പോൾ അതുവഴി പോയ ജീപ്പിലെ നാല് യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു.
റോഡിൽനിന്നു തോട്ടത്തിലേക്ക് ജീപ്പ് ചാടിച്ചതാണ് ദുരന്തം ഒഴിവാക്കിയത്. മരം മറിഞ്ഞത് തോൽപ്പെട്ടി റോഡിൽ ദീർഘനേരം ഗതാഗത തടസത്തിനു കാരണമായി. മാനന്തവാടിയിൽനിന്നു അഗ്നി-രക്ഷാസേനയെത്തി മരം മുറിച്ചുമാറ്റിയാണ് ഗതാഗത തടസം നീക്കിയത്. അസി.സ്റ്റേഷൻ ഓഫീസർ സെബാസ്റ്റ്യൻ ജോസഫ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ വിശാൽ അഗസ്റ്റ്യൻ, കെ.എസ്. ശ്രീകാന്ത്,
കെ.ജെ. ജിതിൻ, ഹോംഗാർഡുമാരായ വി.ജി. രൂപേഷ്, എ.എം. മുരളിധരൻ, പി.യു. ജേബി എന്നിവരടങ്ങുന്ന സംഘമാണ് മരം മുറിച്ചുമാറ്റിയത്. തോട്ടത്തിൽനിന്നു ജീപ്പ് കെട്ടിവലിച്ച് റോഡിൽ കയറ്റിയതും അഗ്നി-രക്ഷാസേനയാണ്.