എന്റെ കേരളം മേള: വാണിജ്യ വിഭാഗത്തിൽ 10.42 ലക്ഷം വിറ്റുവരവ്
1546820
Wednesday, April 30, 2025 6:08 AM IST
കൽപ്പറ്റ: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി എസ്കഐംജെ സ്കൂൾ ഗ്രൗണ്ടിൽ നടന്ന എന്റെ കേരളം പ്രദർശന-വിപണന മേളയിൽ 69 വാണിജ്യ സ്റ്റാളുകളിൽ 10.42 ലക്ഷം രൂപയുടെ വിറ്റുവരവ്.
ഏഴുദിവസങ്ങളായി നടന്ന മേളയിൽ മികച്ച പ്രകടനം കാഴ്ചവച്ച വാണിജ്യ സ്റ്റാളിനുള്ള പുരസ്കാരം വയനാട് ഹാൻഡ്ലൂം പവർലൂം ആൻഡ് മൾട്ടി പർപ്പസ് വ്യവസായ സഹകരണ സംഘം നേടി. മേളയുടെ സമാപനച്ചടങ്ങിൽ വ്യവസായ മന്ത്രി പി. രാജീവ് സംഘത്തിന് ഉപഹാരം നൽകി.
ഭക്ഷ്യമേളയിലൂടെ കുടുംബശ്രീ 12.47 ലക്ഷം രൂപയുടെ വിറ്റവരവ് നേടി. കുടുംബശ്രീയുടെ സൂക്ഷ്മ സംരംഭങ്ങളിൽനിന്നു തെരഞ്ഞെടുത്ത 60 വനിതകളാണ് ഭക്ഷണം ഒരുക്കിയത്. അട്ടപ്പാടി വനസുന്ദരി ചിക്കൻ മേളയിലെ മികച്ച വിഭവമായി മാറി.
അട്ടപ്പാടിയിൽനിന്നുള്ള അഞ്ച് വനിതകളുടെ സൂക്ഷ്മ സംരംഭമാണ് വനസുന്ദരി ചിക്കൻ. ഫുഡ് കോർട്ടിൽ സർവീസ് വിഭാഗത്തിൽ 20 വനിതകൾക്ക് തൊഴിൽ ലഭിച്ചു.