മുട്ടിൽ സൗത്ത് വില്ലേജിലെ ഈട്ടിമുറി : പുതിയ ചീഫ് സെക്രട്ടറിക്ക് കത്തയച്ച് മുൻ ഗവ.പ്ലീഡർ
1547232
Thursday, May 1, 2025 6:10 AM IST
കൽപ്പറ്റ: മുട്ടിൽ സൗത്ത് വില്ലേജിലെ റവന്യു പട്ടയ ഭൂമികളിൽ 2020 നവംബറിനും 2021 ജനുവരിക്കും ഇടയിൽ നടന്ന അനധികൃത ഈട്ടിമുറിയുമായി ബന്ധപ്പെട്ട കേസുകളിൽ ശ്രദ്ധയും നിരീക്ഷണവും ആവശ്യപ്പെട്ട് പുതിയ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലകിന് കത്ത്. ജില്ലാ ഗവ.പ്ലീഡറും പബ്ലിക് പ്രോസിക്യുട്ടറുമായിരുന്ന അഡ്വ.ജോസഫ് മാത്യുവാണ് കത്ത് അയച്ചത്.
2020 ഒക്ടോബർ 24ന് ഡോ.എ. ജയതിലക് റവന്യു സെക്രട്ടറിയായിരിക്കേ പുറപ്പെടുവിച്ച ഉത്തരവിന്റെ മറവിലാണ് പൊതുഖജനാവിന് കോടിക്കണക്കിനു രൂപ നഷ്ടം വരുത്തിയ ഈട്ടിമുറി നടന്നതെന്നു കത്തിൽ ചൂണ്ടിക്കാട്ടുന്നു. നിയമവിരുദ്ധ മരംമുറിക്കു പിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കുന്നതിന് ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ച കേസിൽ സ്വീകരിച്ച നടപടികളെയും പരിസമാപ്തിയെയും കുറിച്ച് നിലവിൽ ആർക്കും മിണ്ടാട്ടമില്ലെന്ന് കത്തിൽ പറയുന്നു.
റവന്യു പട്ടയഭൂമികളിലെ മരങ്ങൾ പൊതുമുതലായി സംരക്ഷിച്ചുവന്നതും 2020 ഓഗസ്റ്റ് 21ലെ ഹൈക്കോടതി ഉത്തരവ് പ്രകാരം മുറിക്കാൻ അനുമതി ഇല്ലാത്തതുമാണ്. ഹൈക്കോടതി ഉത്തരവ് അവഗണിച്ച് ഇറക്കിയ ഉത്തരവാണ് നിയമവിരുദ്ധമായി മരങ്ങൾ മുറിക്കുന്നതിന് ഇടയാക്കിയത്. റവന്യു വകുപ്പിന്റെ 2020 മാർച്ച് 11ലെ പരിപത്രവും 2020 ഓഗസ്റ്റ് 21ലെ ഉത്തരവും നിയമ പ്രാബല്യം ഇല്ലാത്തതാണെന്നു 2021 ജൂലൈയിൽ മരംമുറിക്കേസിലെ പ്രതികളിൽ ചിലരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
നിയമവിരുദ്ധ മരംമുറിയുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ മാർച്ച് 25ന് സുപ്രീം കോടതി നടത്തിയ നിരീക്ഷണങ്ങളുടെ ഗൗരവം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കാണാതെപോകരുത്. അനധികൃത മരംമുറി കൂട്ടക്കൊലയ്ക്ക് തുല്യമാണെന്നാണ് കോടതി നിരീക്ഷിച്ചത്. നിയമപരമായ അനുമതിയില്ലാതെ മരങ്ങൾ മുറിക്കുന്നവരെ കർശന ശിക്ഷയ്ക്ക് വിധേയമാക്കണമെന്നു കോടതി അഭിപ്രായപ്പെടുകയുമുണ്ടായി.
മുട്ടിൽ സൗത്ത് വില്ലേജിലെ ഈട്ടമുറിയുമായി ബന്ധപ്പെട്ട് 2021 ഫെബ്രുവരിയിൽ ആരംഭിച്ച കെഎൽസി നടപടികൾ നാല് വർഷം കഴിഞ്ഞിട്ടും എങ്ങുമെത്തിയില്ല. ഇതിനു കാരണം റവന്യു അധികാരികൾ വ്യക്തമാക്കേണ്ടതുണ്ട്. നിയമവിരുദ്ധ മരംമുറി സ്വതന്ത്ര ഏജൻസിയോ അല്ലെങ്കിൽ ഹൈക്കോടതി മേൽനോട്ടത്തിലോ അന്വേഷിക്കുന്നതിന് തൃശൂർ സ്വദേശി ജോർജ് വട്ടുകുളം ഫയൽ ചെയ്ത ഹർജി പരിഗണിക്കവേ സംസ്ഥാന പോലീസ് മേധാവി, വനം മേധാവി, അഡ്വക്കറ്റ് ജനറൽ എന്നിവർ ബോധിപ്പിച്ച കാര്യങ്ങൾ പരിശോധിക്കണം. ഈ ഹർജിയിൽ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിലെ 65 മുതൽ 68 വരെ ഖണ്ഡികകളിലുള്ള നിരീക്ഷണങ്ങൾ പ്രത്യേകം കാണേണ്ടതുണ്ട്.
ഈട്ടിമുറിയുമായി ബന്ധപ്പെട്ട് കൽപ്പറ്റ സിജെഎം, ബത്തേരി ജെഎഫ്സിഎം കോടതികളിലുള്ള കേസുകളിൽ തന്നെ സ്പെഷൽ പ്രോസിക്യൂട്ടറായി സർക്കാർ നിയമിച്ചിരുന്നു. എന്നാൽ 2024 ഏപ്രിലിനുശേഷം ഉദ്യോഗസ്ഥർ കേസ് വിഷയത്തിൽ ബന്ധപ്പെടുന്നില്ല. സ്പെഷൽ പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്നു തന്നെ നീക്കിയെന്നാണ് മാധ്യമങ്ങളിലൂടെ അറിയാനിടയായത്.
ഇക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ക്രൈംബ്രാഞ്ച് എഡിജിപിക്കും തുടർന്ന് ചീഫ് സെക്രട്ടറിക്കും കത്ത് നൽകിയെങ്കിലും മറുപടി ലഭിച്ചില്ലെന്നും അഡ്വ.ജോസഫ് മാത്യുവിന്റെ കത്തിൽ പറയുന്നു.