വയനാടിന് എയിംസ്: പ്രിയങ്ക ഗാന്ധി കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്ത് നൽകി
1547233
Thursday, May 1, 2025 6:10 AM IST
കൽപ്പറ്റ: ആരോഗ്യരംഗം ശക്തിപ്പെടുത്താൻ വയനാട്ടിൽ എയിംസ് അല്ലെങ്കിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് റിസർച് സ്ഥാപിക്കുന്നതിന് പ്രിയങ്ക ഗാന്ധി എംപി കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദയ്ക്ക് കത്തയച്ചു.
ജില്ലയിലെ ഗോത്രവർഗ മേഖലകളിൽ അരിവാൾ രോഗ ബാധിതർ നിരവധിയാണ്. മാനന്തവാടി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രത്യേക സൗകര്യം ഒരുക്കിയാണ് ഇവരെ ചികിത്സിക്കുന്നത്. കാൻസർ, വൃക്ക രോഗികളുടെ എണ്ണം ജില്ലയിൽ വർധിക്കുകയാണ്.
വന്യമൃഗ ആക്രമണം, വാഹനാപകടം എന്നിവ മൂലം ഗുരുതര പരിക്കേൽക്കുന്നവർക്ക് ജില്ലയിൽ ലഭിക്കുന്ന വിദഗ്ധ ചികിത്സ പരിമിതമാണ്.
മെഡിക്കൽ കോളജ് ആശുപത്രി, ജനറൽ, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളുടെയും ജീവനക്കാരുടെയും അപര്യാപ്തതയുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.