ദുരിതബാധിതരോടുള്ള വെല്ലുവിളി: ഡിസിസി
1546609
Tuesday, April 29, 2025 7:34 AM IST
കൽപ്പറ്റ: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക മാമാങ്കം വയനാട്ടിലെ ദുരിതബാധിതരോടുള്ള വെല്ലുവിളിയാണെന്നും ചരിത്രത്തിലെ ഏറ്റവും വലിയ ധൂർത്തും അഴിമതിയുമാണ് വാർഷികാഘോഷത്തിന്റെ മറവിൽ നടക്കുന്നതെന്നും ജില്ലാ കോണ്ഗ്രസ് കമ്മിറ്റി ജനറൽബോഡി യോഗം കുറ്റപ്പെടുത്തി.
വയനാടിന്റെ ചരിത്രത്തിലെ വലിയ പ്രതിസന്ധിയിലൂടെയാണ് ജില്ല കടന്നു പോകുന്നത്. മുണ്ടക്കൈ ദുരിതബാധിതരുടെ പുനരധിവാസുമായി ബന്ധപ്പെട്ട് സഹായ നടപടികൾ ഇനിയും പൂർത്തീകരിച്ചിട്ടില്ല.
വാടക വീടുകളിൽ കഴിയുന്നവർക്ക് വാടക കൊടുക്കുന്നതിനോ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനോ ചികിത്സാ സഹായം എത്തിക്കുന്നതിനോ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് നടത്തുന്നതിനോ എന്നുവേണ്ട ഒരു തരത്തിലുള്ള സഹായവും സംസ്ഥാന സർക്കാർ പൂർത്തീകരിച്ചു നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് കേരളത്തിലെ 14 ജില്ലകളിലും കോടിക്കണക്കിന് രൂപ ചെലവഴിച്ചുകൊണ്ടുള്ള സർക്കാരിന്റെ നാലാം വാർഷിക മാമാങ്കം നടക്കുന്നത്.
ആശാവർക്കർമാർക്ക് മതിയായ പ്രതിഫലം നൽകാതെയും ആശുപത്രികളിൽ ആവശ്യമായ മരുന്നുകൾ എത്തിക്കാതെയും മെഡിക്കൽ കോളജിന്റെ പ്രവർത്തനത്തെ അവതാളത്തിലാക്കി. വന്യജീവി ആക്രമണങ്ങളിൽ നിന്ന് ജനങ്ങളെ രക്ഷിക്കുന്നതിന് ശാശ്വതമായ പരിഹാരം കണ്ടെത്താനാകാതെയും വന്യജീവി ശല്യംമൂലവും കാർഷിക വിളകൾക്ക് ഉണ്ടാകുന്ന നഷ്ടപരിഹാരം നൽകുന്നതിനൊ പ്രതിരോധ ഫെൻസിംഗ് സംവിധാനം ഒരുക്കുന്നതിനോ ഒരുരൂപ പോലും സംസ്ഥാന സർക്കാർ നീക്കിവച്ചിട്ടില്ല.
അഴിമതിയുടെ സ്ഥിരം കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസും അഴിമതിയും ധൂർത്തുമായി സ്വന്തം പ്രിൻസിപ്പൽ സെക്രട്ടറിമാരും മാറുന്ന ചിത്രമാണ് കേരളത്തിൽ കാണുന്നത്.
ബസ് ചാർജ്, വൈദ്യുതി ചാർജ്, വീട്ടുകരം, പെർമിറ്റ് ഫീസ്, ഭൂ നികുതി, സ്റ്റാന്പ് ഡ്യൂട്ടി എന്നിവയ്ക്കും നിത്യോപയോഗ സാധനങ്ങൾക്കുപോലും നികുതി വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. കൂടാതെ മദ്യ ലഭ്യത ഗ്രാമ ഗ്രാമാന്തരങ്ങളിൽ എത്തിക്കുന്ന സർക്കാർ ലഹരിയുടെ സന്പൂർണ നിയന്ത്രണത്തിനായി ഒന്നും ചെയ്യുന്നില്ല. ആരെങ്കിലും ഒറ്റുകൊടുക്കുന്ന കേസുകൾ മാത്രമാണ് പിടിക്കപ്പെടുന്നത്.
ഇത്തരം ഗുരുതരമായ പ്രതിസന്ധിയിലൂടെ സംസ്ഥാനവും ജില്ലയും കടന്നുപോകുന്പോഴാണ് യാതൊരു തരത്തിലുള്ള നിയന്ത്രണവുമില്ലാതെ കോടികൾ ചെലവഴിച്ച് സംസ്ഥാന സർക്കാർ വാർഷികം ആഘോഷിക്കുന്നത്. ഇത് ജനങ്ങൾ തിരിച്ചറിയുമെന്നും ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും ജില്ലാ കോണ്ഗ്രസ് കമ്മിറ്റി മുന്നറിയിപ്പ് നൽകി.
യോഗത്തിൽ ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ അധ്യക്ഷത വഹിച്ചു. ടി. സിദ്ദിഖ് എംഎൽഎ, ഒ.വി. അപ്പച്ചൻ, പി.കെ. ജയലക്ഷ്മി, കെ.എൽ. പൗലോസ്, പി.പി. ആലി, വി.എ. മജീദ് കെ.വി. പോക്കർ ഹാജി, എം.ജി. ബിജു, എം. വേണുഗോപാൽ, ബിനു തോമസ്, പി.ഡി. സജി, എ. ശങ്കരൻ, കമ്മന മോഹനൻ, അമൽ ജോയ്, രാജേഷ് കുമാർ, വി.വി. ഏബ്രഹാം, ബി. സുരേഷ് ബാബു, ടി.ജെ. ഐസക്, എൻ.കെ. വർഗീസ്, എ.എം. നിഷാന്ത്, പോൾസണ് കൂവക്കൽ, വിജയമ്മ, ശോഭന കുമാരി, ജിനി തോമസ്, ബീന ജോസ് എന്നിവർ പ്രസംഗിച്ചു.