എൽപി വിദ്യാഭ്യാസ ഗുണനിലവാരം ഉറപ്പുവരുത്താൻ മൂപ്പൈനാട് പഞ്ചായത്ത്
1546816
Wednesday, April 30, 2025 6:08 AM IST
കൽപ്പറ്റ: എൽപി സ്കൂൾ വിദ്യാർഥികളുടെ വിദ്യാഭ്യാസ ഗുണനിലവാരം ഉറപ്പുവരുത്താൻ പദ്ധതിയുമായി മൂപ്പൈനാട് പഞ്ചായത്ത്.
നാലാം ക്ലാസ് പഠനം പൂർത്തിയാക്കുന്ന മുഴുവൻ കുട്ടികൾക്കും നിശ്ചിത വിദ്യാഭ്യാസ നിലവാരം ഇല്ലെന്ന ബോധ്യത്തിന്റെയും ആറിനും 14നും ഇടയിൽ പ്രായമുള്ള കുട്ടികളുടെ വിദ്യാഭ്യാസം പഞ്ചായത്തുകളുടെയും രക്ഷിതാക്കളുടെയും ഉത്തരവാദിത്വമാണെന്ന് 2009ലെ വിദ്യാഭ്യാസ അവകാശ നിയമം പ്രഖ്യാപിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി പ്രാവർത്തികമാക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആർ. ഉണ്ണിക്കൃഷ്ണൻ, വൈസ് പ്രസിഡന്റ് ഷൈബാൻ അബ്ദുൾസലാം, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. സാലിം, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡയാന മച്ചോഡോ, മെംബർമാരായ ദീപ ശശികുമാർ, യശോദ ഗോപാലകൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പഞ്ചായത്തിലെ നാല് എൽപി സ്കൂളുകളിൽ നാലാം ക്ലാസ് പൂർത്തിയാക്കിയ 300 ഓളം വിദ്യർഥികൾക്ക് പദ്ധതിയുടെ ഭാഗമായി മെയ് രണ്ടിന് പ്രത്യേക പരീക്ഷ നടത്തും. അതത് വിദ്യാലയങ്ങളിൽ നാസ്(നാഷണൽ അച്ചീവ്മെന്റ് സർവേ)മാതൃകയിൽ നടത്തുന്ന പരീക്ഷയിൽ നിശ്ചിത വിദ്യാഭ്യാസ ഗണമേൻമ ഇല്ലെന്നു കാണുന്ന കുട്ടികൾക്ക് പ്രത്യേക മൊഡ്യൂൾ സഹായത്തോടെ രണ്ട് ഘട്ടങ്ങളിലായി 10 ദിവസത്തെ പരിശീലനം നൽകും.
മെയ് അവസാനത്തോടെ ഇവരുടെ ഗുണനിലവാര പരിശോധന വീണ്ടും നടത്തും. ജൂണ് രണ്ടിന് പ്രവേശനോത്സവവേദിയിൽ കുട്ടികളുടെ പഠനനേട്ടം പ്രദർശിപ്പിക്കും. തുടർന്ന് സന്പൂർണ ഗുണനിലവാര പ്രഖ്യാപനം നടത്തും.
പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി സ്കൂളുകളിലെ എൽപി വിഭാഗം പ്രധാനാധ്യാപകർ, അധ്യാപകർ, പിടിഎ, എസ്എംസി ഭാരവാഹികൾ, പഞ്ചായത്ത് ഭരണസമിതിയംഗങ്ങൾ എന്നിവരുടെ യോഗം ചേർന്നതായി പ്രസിഡന്റ് പറഞ്ഞു. എസ്ആർജി യോഗം അടുത്ത ദിവസം ചേരും.